തിരുവനന്തപുരം : ബാർ കോഴക്കേസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേയുള്ള വിജിലൻസിന്റെ അന്വേഷണ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. അവധിയിലായിരുന്ന വിജിലൻസ് ഡയറക്ടർ സുധേഷ്‌കുമാർ തിങ്കളാഴ്ചയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുക.
ബാറുടമ ബിജു രമേശിന്റെ ആരോപണത്തിൽ രമേശ് ചെന്നിത്തലയ്ക്കെതിരെ സ്പീക്കർ അന്വേഷണാനുമതി നൽകിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ഫയൽ ഇപ്പോഴും ആഭ്യന്തര വകുപ്പിലാണ്. വിജിലൻസ് ഡയറക്ടർ തിങ്കളാഴ്ച എത്തുന്നതോടെ തുടർ നടപടികൾ ഉണ്ടാകും. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം.
അതേസമയം ബാർ കോഴ ആരോപണവുമായി ബന്ധപ്പെട്ടു മുൻമന്ത്രിമാരായ വി.എസ്. ശിവകുമാറിനും കെ. ബാബുവിനും എതിരെയുള്ള വിജിലൻസ് അന്വേഷണത്തിന് അനുമതി തേടുന്ന ഫയൽ ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്.