തൃശ്ശൂര്‍ : തൃശൂർ തളിക്കുളം ബാറില്‍ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഏഴു പേർ അറസ്റ്റിലായി. ബാർ ജീവനക്കാരൻ വിളിച്ചു വരുത്തിയ ക്വട്ടേഷൻ സംഘം ആണിത്. കഞ്ചാവ് , ക്രിമിനൽ സംഘമാണ് പിടിയിലായത്. ബില്ലിലെ തിരിമറി ബാറുടമ കണ്ടു പിടച്ചതിന്‍റെ വൈരാഗ്യമാണ് കൊലയ്ക്കു കാരണം. കൊല്ലപ്പെട്ട ബൈജു ബാറുടമയുടെ സഹായിയായിരുന്നു.
കാട്ടൂർ സ്വദേശികളായ അജ്മൽ ( 23 ) , അതുൽ ,യാസിം, അമിത് ,ധനേഷ് , വിഷ്ണു , അമൽ എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പോലീസ് കണ്ടെടുത്തു. പെരിഞ്ഞനം ചക്കരപ്പാടം സ്വദേശിയാണ് കൊല്ലപ്പെട്ട ബൈജു ( 40 ). ബാറുടമ കൃഷ്ണരാജിന് ഗുരുതരമായി പരുക്കേറ്റു. ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. കൃഷ്ണരാജിനെ കൊച്ചിയിലും അനന്തുവിനെ തൃശൂരിലും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഒൻപതരയോടെയാണ് സംഭവം. പത്തു ദിവസം മുമ്പാണ് ബാർ ഹോട്ടൽ തുടങ്ങിയത്. ബില്ലിൽ കൃത്രിമം കാണിച്ചതിന് ചില ജീവനക്കാരെ ബാറുടമ ശാസിച്ചിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനെയും ബാറുടമ വരുത്തിയതായിരുന്നു.