തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ ഇന്നുമുതല്‍ തുറന്നു പ്രവര്‍ത്തിക്കും. ബാറുകള്‍ക്ക് പുറമെ കള്ളുഷാപ്പുകളും തുറന്ന് പ്രവര്‍ത്തിക്കും. ബാറുകള്‍ സാധാരണ രീതിയില്‍ തുറന്നുപ്രവര്‍ത്തിക്കാമെന്ന് ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.ബാറുകള്‍ തുറന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും പ്രവര്‍ത്തനം. ഇതിന് വേണ്ടി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കും. ഒരു ടേബിളില്‍ രണ്ടുപേരെ മാത്രമേ അനുവദിക്കു. കൗണ്ടറുകളില്‍ ആളുകള്‍ കൂട്ടം കൂടുന്നതിന് വിലക്കുണ്ടാവും.
അകത്തിരുന്ന മദ്യം കഴിക്കാവുന്ന തരത്തില്‍ ബാറുകള്‍ തുറക്കുന്നതിനുള്ള അനുമതിയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ നേരത്തെ തുറന്നിരുന്നെങ്കിലും കൗണ്ടര്‍ വഴി മദ്യം വില്‍ക്കുന്നതിന് മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ബാറുകള്‍ സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നതോടെ ബാറുകളിലെ ചില്ലറ മദ്യ വില്‍പ്പന അവസാനിക്കും. ബിവറേജുകളുടെ സമയക്രമം നീട്ടി. രാവിലെ 10 മുതല്‍ രാത്രി ഒന്‍പത് വരെ ബിവറേജുകളില്‍ കൗണ്ടര്‍ മദ്യവില്‍പ്പനയുണ്ടാകും.
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മാര്‍ച്ചിലാണ് സംസ്ഥാനത്തെ ബാറുകളും മദ്യവില്‍പ്പനശാലകളും അടച്ചിട്ടത്. പിന്നീട് ബാറുകളിലെ കൗണ്ടര്‍ വഴിയും മദ്യ വില്‍പന ശാലകള്‍ വഴിയുമുള്ള മദ്യ വില്‍പ്പന പുനരാരംഭിച്ചു. ബെവ് ക്യു ആപ്പ് വഴിയും പ്രത്യേക കൗണ്ടറുകള്‍ വഴിയുമാണ് മദ്യ വില്‍പ്പന നടത്തിയിരുന്നത്.