തിരുവനന്തപുരം : സംസ്ഥാനത്തെ ബാറുകള്‍ ഇനിയും അടച്ചിട്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നു ബാറുടമകള്‍. ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് നിവേദനം നല്‍കി. എന്നാല്‍ ഒറ്റയ്ക്ക് തീരുമാനം എടുക്കാന്‍ കഴിയില്ലെന്നായിരുന്നു മന്ത്രി എം.വി.ഗോവിന്ദന്റെ നിലപാട്. സംസ്ഥാനത്ത് ഭൂരിപക്ഷം പേര്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ ലഭ്യമായതിനാല്‍ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്നാണ് നിവേദനത്തില്‍ പറയുന്നത്. സംസ്ഥാനത്ത് മദ്യ ഉപഭോഗത്തിനുള്ള പ്രായപരിധി 23 വയസാണ്.
സര്‍ക്കാര്‍ കണക്ക് അനുസരിച്ച് 20 വയസ്സിനു മുകളിലുള്ള എണ്‍പതു ശതമാനത്തിലേറെ ആള്‍ക്കാര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ ലഭിച്ചു കഴിഞ്ഞു. ഇനിയും അടച്ചിട്ടു മുന്നോട്ടു പോയാല്‍ ഇപ്പോള്‍ത്തന്നെ കനത്ത നഷ്ടം നേരിടുന്ന വ്യവസായം തകരുമെന്നും ഇവര്‍ സര്‍ക്കാരിനെ അറിയിച്ചു. മദ്യത്തിന്റെ പാഴ്‌സല്‍ വില്‍പനകൊണ്ടു മാത്രം പിടിച്ചു നില്‍ക്കാന്‍ കഴിയില്ല.
സംസ്ഥാനത്തെ ഭൂരിഭാഗം മേഖലകളും തുറന്നിട്ടും ബാറുകളെ മാത്രം ഒഴിവാക്കിയത് ശരിയായില്ലെന്നും ഇവര്‍ നിവേദനത്തില്‍ പറയുന്നു. എന്നാല്‍ സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ ഇക്കാര്യം അറിയാക്കാമെന്നും മന്ത്രി എം.വി.ഗോവിന്ദന്‍ ബാറുടമകളെ അറിയിച്ചു. ബാറുകളില്‍ നിയന്ത്രണങ്ങളോടെ ഇരുന്നു മദ്യപിക്കാന്‍ അവസരം നല്‍കണമെന്നു നേരത്തെ എക്‌സൈസ് കമ്മിഷണറും സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ കൂടി നിലപാട് കണക്കിലെടുത്തു മാത്രമേ സര്‍ക്കാരിന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കഴിയൂ എന്നാണ് മന്ത്രിയുടെ നിലപാട്.