ഹൈദരാബാദ്: മദ്യശാലയിലുണ്ടായ തര്‍ക്കത്തിനിടെ ജീവനക്കാരുടെ മര്‍ദ്ദനമേറ്റ് യുവാവ് മരിച്ചു. ഹൈദരാബാദ് ലങ്കര്‍ഹൂസ് സ്വദേശിയായ വികാസ് (34) എന്നയാളാണ് കൊല്ലപ്പെട്ടത്. ഉപ്പള്‍ മേഖലയിലെ ഒരു മദ്യശാലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
ഒരു സ്വകാര്യകമ്പനി ജീവനക്കാരനായ വികാസ് സുഹൃത്തായ ബബ്ലുവുമൊത്താണ് മദ്യപിക്കാനെത്തിയത്. മദ്യശാലയിലെ ഒരു പ്രൈവറ്റ് റൂമിലായിരുന്നു ഇരുവരും. ഇതിനിടെ വികാസ് ഒരു ഓംലെറ്റ് ഓര്‍ഡര്‍ ചെയ്തു. ഓംലെറ്റുമായെത്തിയ ജീവനക്കാരന്‍ ഇതിന്‍റെ പണം ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഓംലെറ്റിന്‍റെ വിലയായ അറുപത് രൂപ നല്‍കാന്‍ ജീവനക്കാരന്‍ ആവശ്യപ്പെട്ടു. സംസാരം വാക്കുതര്‍ക്കത്തിലും പിന്നീട് അടിപിടിയിലും കലാശിക്കുകയായിരുന്നു.
മദ്യലഹരിയിലായിരുന്ന വികാസും ബബ്ലുവും ചേര്‍ന്ന് ജീവനക്കാരനെ കയ്യേറ്റം ചെയ്തു. ഇതോടെ അവിടെ ജോലി ചെയ്യുന്ന കൂടുതല്‍ ആളുകള്‍ അവിടേക്കെത്തിക്കുകയും സുഹൃത്തുക്കളെ മര്‍ദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ വികാസ് മരിച്ചു. ബബ്ലു ഇപ്പോളും ആശുപത്രിയില്‍ തുടരുകയാണ്.സംഭവത്തില്‍ ഉപ്പള്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.