കോട്ടയം: ജില്ലാ പഞ്ചായത്തിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊരുങ്ങവേ കേരളാ കോണ്‍ഗ്രസ്-ജോസഫ് വിഭാഗത്തില്‍ വന്‍ പൊട്ടിത്തെറി. ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷന്‍ പേയ്മെന്‍റ് സീറ്റാണെന്ന വിവാദം ഉയര്‍ത്തിയാണ് ജോസഫ് ഗ്രൂപ്പിലെ പ്രബല വിഭാഗവും കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളും രംഗത്തുവന്നിരിക്കുന്നത്.
ഭരണങ്ങാനം ഡിവിഷനില്‍ സ്ഥാനാര്‍ഥി പരിഗണനയിലുണ്ടായിരുന്ന പരമ്പരാഗത ജോസഫ് വിഭാഗത്തിലെ 3 പ്രബലരേയും മാണി വിഭാഗത്തില്‍നിന്ന് പാര്‍ട്ടിയിലെത്തിയ ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പനെയും കടത്തിവെട്ടി മൈക്കിള്‍ പുല്ലുമാക്കനെയാണ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയാകുന്നത്.
പരമ്പരാഗത ജോസഫ് വിഭാഗത്തില്‍നിന്നും നിയോജകമണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് പുളിങ്കാട്, സ്റ്റിയറിംങ്ങ് കമ്മറ്റി അംഗങ്ങളായ സാബു പ്ലാന്തോട്ടം, ജോസ് പാറേക്കാട് എന്നിവരായിരുന്നു ഈ സീറ്റില്‍ കണ്ണുവെച്ചിരുന്നത്. എന്നാല്‍ പൊടുന്നനെ സീറ്റ് മൈക്കിളിലെത്തിയതാണ് പരമ്പരാഗത ജോസഫ് വിഭാഗത്തിലെ പ്രമുഖരെ ഉള്‍പ്പെടെ ഞെട്ടിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ പ്രമുഖരിലൊരാളായി മാറിയ ഒരു മുന്‍ എംപിയേയും പാര്‍ട്ടിയുടെ ജില്ലാ നേതാവിനെയും വിലയ്‌ക്കെടുത്താണ് സീറ്റ് തട്ടിയെടുത്തതെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്.
ജയസാധ്യത ഇല്ലാത്തവരും ആരോപണ വിധേയരുമായ സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ച് പരാജയം ഉണ്ടായാല്‍ അതന്‍റെ ഉത്തരവാദിത്വം ‘പേയ്മെന്‍റ് ‘ സീറ്റില്‍ നേട്ടങ്ങളുണ്ടാക്കിയവര്‍ മാത്രം ഏറ്റെടുക്കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് പരമ്പരാഗത ജോസഫ് വിഭാഗവും കോണ്‍ഗ്രസ് നേതൃത്വവും നല്‍കുന്നത്. തീരുമാനത്തിനെതിരെ വര്‍ക്കിങ്ങ് ചെയര്‍മാന്‍ പിജെ ജോസഫിനെ കണ്ട് പരാതി നല്‍കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.
മാത്രമല്ല, നേതൃയോഗം കൂടി ആലോചിച്ചശേഷം മാത്രമേ സീറ്റ് വിഭജനം പാടുള്ളു എന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കെ ഭരണങ്ങാനം ഡവിഷന്‍റെ കാര്യത്തില്‍ അങ്ങനെ ഒരാലോചന നിയോജകമണ്ഡലം കമ്മറ്റിയില്‍പോലും ഉണ്ടായില്ലെന്ന ആരോപണം ശക്തമാണ്.