റാന്നി: ബഷീറിന്റെ അനശ്വര കഥാപാത്രങ്ങളായി അധ്യാപകരും വിദ്യാർത്ഥികളും. തീർന്നില്ല കൗതുകം. ബഷീറിന്റെ ചായപീടികയിൽ പാത്തുമ്മയും ആടും, മജീദും സുഹറയും, ഒറ്റക്കണ്ണൻ പോക്കറും, ആയിഷയും മൂക്കനും ആനവാരി രാമൻ നായരും, നാരായണിയുമൊക്കെ അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമാക്കി വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ. മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചു ഒരുക്കിയ ബഷീറിന്റെ ചായപീടികയിലാണ് അനശ്വര കഥാപാത്രങ്ങൾ അതിഥികളായെത്തിയത്. 100 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെയും പ്രധാന രംഗങ്ങളും പുനസൃഷ്ടിച്ചു. അധ്യാപകർ എത്തിയപ്പോളാണ് കുട്ടികളുടെ കൗതുകം ഇരട്ടിച്ചത്.
ബഷീർ കഥാ പാത്രങ്ങളുടെ വേഷത്തിലാണ് അധ്യാപകർ സ്‌കൂളിലെത്തിയത്. ഒറ്റക്കണ്ണൻ പോക്കറായി അധ്യാപകൻ എം. ജെ ബിബിനും, പാത്തുമ്മയായി സെലിൻ പി രാജനും, സുഹറയായി അലീന ജോണും, സൈനബയായി അനുമോൾ ജോർജും, മണ്ടൻ മുത്തപ്പയായി എൻ. ഹരികൃഷ്ണനും ക്ലാസ്സിലെത്തി. ബഷീറായി എത്തിയത് സ്കൂളിലെ മുൻ പി ടി എ പ്രസിഡന്റ് എം. കെ. വിജയനാണ്. വിദ്യാലയ വളപ്പിൽ ഒരുക്കിയ പഴയ കാല ചായപ്പീടിക കുട്ടികൾക്ക് കൗതുക കാഴ്ചയുമായി. ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്. മജീദിന്റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്.
മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കുവാനും അവർ മറന്നില്ല. ബഷീർ കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ ദൃശ്യആവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം രക്ഷിതാക്കളും പങ്കു ചേർന്നു. ബഷീറായി വേഷമിട്ടവർ ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്‌റ്റീൻ മരവും ചാരു കസേരയും പാട്ടു പെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിക്കാൻ വിട്ടുപോയില്ല. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി ടി എ പ്രസിഡന്റ് ഷൈനു ചാക്കോ, അനയാ സിബി, പി എ അസ്‌ലം എന്നിവർ പ്രസംഗിച്ചു