തിരുവനന്തപുരം: 100 കിലോമീറ്ററിലധികം വേഗതയില്‍ വന്ന കാര്‍ ആണ് ബഷീറിനെ ഇടിച്ചിട്ടതെന്ന് നിര്‍ണായക തെളിവുമായി ശ്രീചിത്ര കോളജ് ഓഫ് എന്‍ജിനീയറിംഗിന്റെ പരിശോധനാ ഫലം. ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഈ റിപ്പോര്‍ട്ട് പ്രധാന തെളിവാകും.
അപകടസമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന ഫോക്സ് വാഗണ്‍ വെന്റോ കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. മോട്ടോര്‍ വാഹന വകുപ്പ് സ്ഥലവും വാഹനവും പരിശോധിക്കുകയും വാഹനം അമിത വേഗതയിലായിരുന്നുവെന്ന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു.
അതേസമയം ശാസ്ത്രീയമായി തെളിയിക്കുക എന്നതായിരുന്നു അന്വേഷണ സംഘത്തിന്റെ മുന്നിലുണ്ടായ വെല്ലുവിളി. തുടര്‍ന്ന് അപകടസമയത്ത് വാഹനത്തിന്റെ വേഗതയും ഇടിയുടെ ആഘാതവും ശാസ്ത്രീയവും സാങ്കേതികവുമായി തെളിയിക്കാന്‍ ശ്രീചിത്ര കോളജ് ഓഫ് എന്‍ജിനീയറിംഗിലെ ഓട്ടോമൊബൈല്‍ വിഭാഗത്തെ അന്വേഷണ സംഘം സമീപിക്കുകയായിരുന്നു. പ്രഫസര്‍ ഡോ. പ്രകാശ്, അസോസിയേറ്റ് പ്രൊഫസര്‍മാരായ സാബു വി ആര്‍, ചിത്രകുമാര്‍ വി കെ എന്നിവരടങ്ങുന്ന മൂന്നംഗ സാങ്കേതിക വിദഗ്ധ സംഘമാണ് വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവസ്ഥലം, എഫ് ഐ ആര്‍, മഹസര്‍ എന്നിവ പരിശോധിച്ച് സംഘം അന്വേഷണം ആരംഭിച്ചു.
അപകടസമയത്ത് കാര്‍ 100 കിലോമീറ്ററിലധികം വേഗതയിലായിരുന്ന എന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നതാണ് കോളജിന്റെ പഠന ഫലം. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മൂന്നില്‍ സമര്‍പ്പിച്ച 66 പേജുള്ള കുറ്റപത്രത്തില്‍ 100 സാക്ഷിമൊഴികളാണുള്ളത്. 84 രേഖകളും 72 തൊണ്ടിമുതലുകളുമാണ് പ്രത്യേക അന്വേഷണ സംഘം ഹാജരാക്കിയത്.