പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്‌സൈസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു. സ്റ്റാളില്‍ ഒരുക്കിയിരിക്കുന്ന ബോള്‍ ത്രോയിലൂടെ സമ്മാനം മാത്രമല്ല ജീവിതത്തില്‍ ആസ്വദിക്കാനാകുന്ന ലഹരിയായ കായികമേഖലയെ പരിചയപ്പെടുത്തുകയാണ് ജില്ലാ എക്‌സൈസ് വകുപ്പ്.
സ്റ്റാളില്‍ ഒരുക്കിയിരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ത്രോയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകളാണ് സ്റ്റാളിലേക്കെത്തുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഉള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരി വിമുക്ത പ്രചരണ പരിപാടിയായ വിമുക്തിയുടെ ഭാഗമായാണ് ബോള്‍ അടിക്കു സമ്മാനം നേടു ബാസ്‌കറ്റ്‌ബോള്‍ ഗെയിം സംഘടിപ്പിച്ചിരിക്കുന്നത്.
മദ്യം താളം തെറ്റിക്കുന്ന കുടുംബ ജീവിതത്തിന്റെ കഥയും കലാകാരന്മാര്‍ വരച്ച ചിത്രങ്ങളിലൂടെ കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ ശേഷമാണ് ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം. കൃത്യമായി ബാസ്‌ക്കറ്റില്‍ ബോള്‍ എറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് എക്‌സൈസ് വകുപ്പിന്റെ വകയായി നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. ബാസ്‌ക്കറ്റ് ബോള്‍ മത്സരം കൂടാതെ ഫുട്‌ബോള്‍ മത്സരവും ചോദ്യോത്തര മത്സരങ്ങളും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളുടെ അവതരണവും ഫോട്ടോ സെക്ഷനും ജില്ലാ എക്‌സ് വകുപ്പ് ഒരുക്കിയിട്ടുണ്ട്.