സുല്‍ത്താന്‍ബത്തേരി : കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിയിരുന്ന ബത്തേരിയില്‍ നിന്ന് തമിഴ്‌നാട്ടിലേക്കുള്ള കേരള ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ വീണ്ടും തുടങ്ങി. ഗൂഡല്ലൂരിലേക്ക് രണ്ട് ബസുകളാണ് സര്‍വ്വീസ് നടത്തുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍വ്വീസുകള്‍ ഇതിനകം തന്നെ ആരംഭിച്ചിരുന്നെങ്കിലും ബത്തേരിയില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തുടങ്ങാനായിരുന്നില്ല.
കൊവിഡിന് മുമ്പ് തമഴ്‌നാട് വഴിയും തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി 14 സര്‍വ്വീസുകളാണ് ബത്തേരിയില്‍ നിന്നുണ്ടായിരുന്നത്. പെരിന്തല്‍മണ്ണ, തൃശ്ശൂര്‍, പാലക്കാട് സര്‍വ്വീസുകളില്‍ പലതും തമിഴ്‌നാടിന്റെ പ്രദേശങ്ങള്‍ വഴിയായിരുന്നു സര്‍വ്വീസ് നടത്തിയിരുന്നത്. ഇവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ഇത്തരം സര്‍വ്വീസുകള്‍ വലിയ ആശ്വാസമായിരുന്നു. ഇന്റര്‍ സ്‌റ്റേറ്റ് പെര്‍മിറ്റുള്ള ബസുകള്‍ വേണ്ടത്ര ഇല്ലാത്തതിനാല്‍ മുമ്പുണ്ടായിരുന്ന സര്‍വ്വീസുകള്‍ അടുത്ത ദിവസങ്ങളിലൊന്നും ആരംഭിക്കാനാകില്ലെന്ന ആശങ്ക ഡിപ്പോ അധികൃതര്‍ പങ്കുവെച്ചു. തിരക്കേറിയ സര്‍വ്വീസുകളില്‍ ഒന്നായിരുന്ന ബത്തേരി-കോയമ്പത്തൂര്‍ ബസ് ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും.
കൊവിഡിന് മുമ്പ് ബത്തേരി – താളൂര്‍ സര്‍വ്വീസ് ജനങ്ങള്‍ക്ക് വലിയ സഹായമായിരുന്നു. എന്നാല്‍ ഇത് നിര്‍ത്തിവെച്ചതോടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് എത്തി ബത്തേരി അടക്കമുള്ള ടൗണുകളിലെ കടകളിലും മറ്റും ജോലി ചെയ്തിരുന്ന സാധാരണക്കാര്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു. നിലവില്‍ 30ഓളം ഡ്രൈവര്‍മാരുടെ കുറവ് ഡിപ്പോയിലുണ്ടെങ്കിലും ഘട്ടംഘട്ടമായി ഇവയെല്ലാം പരിഹരിച്ച് മുഴുവന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കാമെന്ന പ്രതീക്ഷയില്‍ ഡിപ്പോ അധികൃതര്‍.