ന്യൂഡല്‍ഹി : ബിജെപിക്ക് ഇക്കുറി ഉണ്ടായ വോട്ടു നഷ്ടത്തിന് പ്രധാന കാരണം ബിഡിജെഎസിന്റെ നിര്‍ജ്ജീവമായ പ്രവര്‍ത്തനമായിരുന്നു. കഴിഞ്ഞ തവണ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പിന്തുണയോടെ ബിഡെജിഎസ് തെരഞ്ഞെടുപ്പു ഗോഥയില്‍ ഇറങ്ങിയപ്പോള്‍ വലിയ നേട്ടമാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോള്‍ കഥമാറി. ഇക്കുറി വെള്ളാപ്പള്ളി തന്ത്രപരമായ മൗനത്തിലായിരുന്നു. ഇത് പിണറായി വിജയന് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ അവസരം ഒരുക്കിയപ്പോള്‍ മറുവശത്ത് എന്‍ഡിഎക്ക് വലിയ തിരിച്ചടിയുമായി മാറി.
ഇപ്പോള്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ബിഡിജെഎസുമായി മുന്നണി വിടാനുള്ള ആലോചനയിലാണ് തുഷാര്‍ വെള്ളാപ്പള്ളി. ഇതിന് പിതാവ് പിന്നില്‍ നിന്നും ചരടു വലിക്കുന്നുണ്ട്. ഇടതുപക്ഷത്തേക്കാണ് നോട്ടം. എന്നാല്‍ അത് എത്രകണ്ട് വിജയിക്കുമെന്ന് കണ്ടറിയുക തന്നെ വേണം. എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം തുഷാര്‍ വെള്ളാപ്പള്ളി ഒഴിഞ്ഞേക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അതിനുള്ള സന്നദ്ധത അദ്ദേഹം അറിയിച്ചതായി ബിഡിജെഎസ് വൃത്തങ്ങള്‍ പറഞ്ഞു.
ഇന്ന് കൊല്ലത്തു നടക്കുന്ന സംസ്ഥാന കൗണ്‍സിലില്‍ തീരുമാനമുണ്ടായേക്കും. ഇടതു മുന്നണിയില്‍ പ്രവേശനം തേടാന്‍ സാധ്യതയുണ്ടെന്നറിയുന്നു. ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാന്‍ നേതൃത്വം വിസമ്മതിച്ചു. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയില്‍ നിന്നെങ്കിലും എല്‍ഡിഎഫിനാണ് ബിഡിജെഎസ് വോട്ടുകള്‍ ഇക്കുറി പോയത്. അത് പല മണ്ഡലങ്ങളിലും വ്യക്തമാണ്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ബിജെപി അവഗണന ചൂണ്ടിക്കാട്ടി മുന്നണി വിടാനുള്ള പദ്ധതിയാണ് ബിഡിജെഎസിനുള്ളത്.
ബിജെപി നേതൃത്വത്തിന്റെ ഭാഗത്തു നിന്നുള്ള നിരന്തര അവഗണനയാണ് അകല്‍ച്ചയ്ക്കു മുഖ്യ കാരണമെന്ന് ബിഡിജെഎസ് സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ടു ചെയ്യാന്‍ ബിജെപി അണികള്‍ വിമുഖത കാണിച്ചതായും പരാതിയുണ്ട്. 6% വോട്ടു വിഹിതമുണ്ടായിരുന്ന ബിജെപിക്ക് 15 ലേറെ ശതമാനം വോട്ടു വിഹിതം ഉയര്‍ത്താനായത് ബിഡിജെഎസ് പിന്തുണ കൊണ്ടാണ്. എന്നാല്‍ ബിജെപിയിലെ തമ്മിലടിയും കുതികാല്‍വെട്ടും വോട്ടുകച്ചവടവും എന്‍ഡിഎയുടെ മുന്നോട്ടുള്ള കുതിപ്പിനെ സാരമായി ബാധിച്ചുവെന്നാണ് വിലയിരുത്തല്‍.
എന്‍ഡിഎ സംവിധാനം ഉപരിതലത്തില്‍ മാത്രമേയുള്ളൂ. മറ്റിടങ്ങളിലെല്ലാം ബിജെപി ഒറ്റയ്ക്കു കാര്യങ്ങള്‍ തീരുമാനിക്കുന്നു. ബിജെപിയുടെ വിജയയാത്രയില്‍ ബിഡിജെഎസിനെ പങ്കെടുപ്പിച്ചില്ല. അത് പിണറായിയുടെ വിജയത്തിലേക്കുള്ള യാത്രയാക്കി മാറ്റിയെന്നും ബിഡിജെഎസ് കുറ്റപ്പെടുത്തുന്നുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അണികള്‍ എല്‍ഡിഎഫിനും യുഡിഎഫിനും വോട്ടു നല്‍കുന്ന സാഹചര്യമുണ്ടായി. ബിജെപി ദേശീയ നേതാക്കള്‍ പാര്‍ട്ടി മത്സരിക്കുന്ന മണ്ഡലങ്ങളിലേക്കു പ്രചാരണത്തിനു വന്നില്ല. ബിജെപി അണികളും വോട്ടു മറിച്ചു. ബിജെപി കേന്ദ്രനേതൃത്വം വാഗ്ദാനം നല്കിയ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഇതുവരെ നല്‍കിയിട്ടില്ലെന്നും ഈഴവ സമുദായത്തോട് അവഗണന കാട്ടുന്നതായും പരാതിയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം ബിഡിജെഎസ് ഈ നിലപാടെടുക്കുന്നുണ്ടെങ്കില്‍ അത് ബിജെപി സംസ്ഥാന നേതൃത്വത്തിലെയും സിപിഎമ്മിന്റെ ഉന്നതങ്ങളിലെയും ചിലര്‍ കൂടി അറിഞ്ഞായിരിക്കുമെന്ന് ബിജെപിയുടെ ഉന്നത നേതാവ് പറഞ്ഞു. മറ്റു ചില അച്ചുതണ്ടുകള്‍ രൂപപ്പെടുന്നതിന്റെ ഭാഗമാണിതെന്നും ബിജെപിയെ അതു ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇടതു പക്ഷത്തേക്ക് ബിഡിജെഎസ് പോയാലും അവരെ മുന്നണില്‍ എടുക്കാന്‍ നേതാക്കള്‍ തയ്യാറാകില്ല. പിണറായി വിജയന്‍ ലക്ഷ്യം വെക്കുന്നത് ബിഡിജെഎസിനോട് ചേര്‍ന്നു നില്ക്കുന്ന അണികളെയാണ്. അവര്‍ക്ക് സിപിഎമ്മിലേക്കുള്ള വഴി തുറന്നിടലാകും നേതാക്കള്‍ ചെയ്യുക.
അതേസമയം യുഡിഎഫിന്റെ തോല്‍വിയോടെ മുസ്ലിംലീഗില്‍ നിന്നും ഒരു വിഭാഗവും എല്‍ഡിഎഫിലേക്ക് കണ്ണു നട്ടിരിക്കുന്നുണ്ട്. എന്നാല്‍ ലീഗിനെ നേരിട്ടു മുന്നണിയിലേക്ക് ക്ഷണിക്കാതെ അണികളെ എത്തിക്കുക എന്നതാകും എല്‍ഡിഎഫിന്റെ തന്ത്രം.