പത്തനംതിട്ട : ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേത്രുത്വത്തില്‍ പുൽവാമയിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് പ്രണാമം അർപ്പിച്ചു കൊണ്ട് യുദ്ധ സ്മാരകത്തിൽ പുഷ്പാര്‍ച്ചന നടത്തി ദീപം തെളിച്ചു. ലോകം പ്രണയദിനം ആഘോഷിക്കുമ്പോള്‍ തങ്ങളുടെ പ്രണയം രാജ്യത്തിനുവേണ്ടി ജീവന്‍ ബലിനല്‍കിയ ധീര ജവന്മാരോടൊപ്പമാണെന്ന് തെളിയിക്കുന്നതായിരുന്നു ബ്ലഡ് ഡൊണേഴ്‌സ് കേരളയുടെ ആഘോഷങ്ങള്‍.
വൈകുന്നേരം ആറുമണിക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിലെ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ റിട്ട. സുബേദാർ മേജർ ലെഫ്റ്റനെന്റ് ഗോപാലകൃഷ്ണ കാരണവരും മിഷൻ പത്തനംതിട്ട പ്രസിഡന്റ് കെ.ഐ ഇടിക്കുള കിഴക്കേടവും ചേര്‍ന്ന് പുഷ്പാര്‍ച്ചന നടത്തി. അഗ്നിശമന സേനാ പത്തനംതിട്ട സ്റ്റേഷൻ ഓഫീസര്‍ വിനോദ് കുമാർ വി ഭദ്രദീപം തെളിയിച്ചു. തുടര്‍ന്ന് പുൽവമായിൽ ജീവൻ ബലി നൽകിയ 40 ധീര സൈനികരെയും സ്മരിച്ചു കൊണ്ട് വിശിഷ്ട വ്യക്തികളും ബ്ലഡ് ഡൊണേഴ്‌സ് കേരള പ്രവർത്തകരും അഗ്നിശമന സേന അംഗങ്ങളും സ്‌മൃതി മണ്ഡപത്തിൽ 40 മെഴുകുതിരികൾ തെളിയിച്ചു. ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ അധ്യക്ഷത വഹിച്ചു. ദീപു കോന്നി, ജെറിൻ വെണ്ണിക്കുളം, ലീഗൽ അഡ്വൈസർ അഡ്വക്കേറ്റ് സിന്ധു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഭൂമിയില്‍ നിന്നുകൊണ്ട് ചന്ദ്രനേയും ചൊവ്വയെയും സ്വപ്നം കാണുന്നവരാണ് ഇന്നധികവും. മിസൈലുകളെക്കാള്‍ വേഗത്തില്‍ ഇന്റര്‍നെറ്റുമായി ലോകം മുഴുവന്‍ കറങ്ങിനടക്കുന്ന യുവത്വം. അമ്മയെയും അച്ഛനെയും ഒഴിവാക്കി സ്മാര്‍ട്ട് ഫോണുകളിലൂടെ ജീവിത രഹസ്യങ്ങള്‍ ആരുമായും പങ്കുവെക്കുന്ന യുവതലമുറ. ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത സോഷ്യല്‍ മീഡിയ കാമുകനോ കാമുകിക്കോ പ്രണയദിന സന്ദേശങ്ങള്‍ കൈമാറി മതിമറക്കുന്ന കൌമാരം. ചതിക്കുഴിയില്‍ പെട്ട് ജീവിതം ഒരു കറുത്ത പുകപോലെയാകുമെന്ന് ഒരിക്കലും ചിന്തിക്കാറില്ല. തങ്ങള്‍ സര്‍വ സ്വാതന്ത്ര്യത്തോടുംകൂടി മതിമറന്നു ജീവിക്കുമ്പോള്‍ തങ്ങള്‍ക്കു കാവലായി മഴയും വെയിലും മഞ്ഞുമേറ്റ് കണ്ണ് ചിമ്മാതെ കാവല്‍ നില്‍ക്കുന്ന ധീരജവാന്മാരെ ആരുമോര്‍ക്കാറില്ല. അവര്‍ വീരമൃത്യു വരിച്ചാല്‍ ഒരു ഒരുനിമിഷംപോലും അവരെയും അവരുടെ കുടുംബാംഗങ്ങളെയും ഓര്‍ക്കുവാന്‍ സമയമില്ലാതെ നാം ഓടുകയാണ്…..ആര്‍ക്കൊക്കെയോ പ്രണയദിന സന്ദേശങ്ങളുമായി …….