പത്തനംതിട്ട: പത്തനംതിട്ട പോലീസ് അതിക്രമത്തിൽ പോലീസുകാർക്കെതിരെയുള്ള നടപടി തൃപ്തികരമല്ലെന്ന് മർദനമേറ്റ സിത്താര. കേവലം സ്ഥലംമാറ്റമല്ല വേണ്ടതെന്ന് സിതാര പറഞ്ഞു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണം. നിലവിലെ എഫ്ഐആർ തൃപ്തികരമല്ല. എസ്ഐ അടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ കൂടി ചേർക്കണമെന്നും മർദനത്തിൽ പരിക്കേറ്റ സിത്താര ആവശ്യപ്പെട്ടു. കോടതിയെ സമീപിക്കുമെന്ന് മർദ്ദനമേറ്റ സിത്താരയും കുടുംബവും അറിയിച്ചു. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്.
എസ് ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മര്‍ദനത്തില്‍ പരിക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പോലീസ് സംഘം വളരെ വേഗം സ്ഥലം വിട്ടു. പരിക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ് ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കും. വിശദമായ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവി ഡിഎജിക്ക് നൽകി.