ന്യൂഡൽഹി : നെല്ലിയാമ്പതിയിലെ ബിയാട്രിസ് എസ്റ്റേറ്റ് ഏറ്റെടുത്ത സംസ്ഥാന സർക്കാർ നടപടി സുപ്രീം കോടതി ശരിവെച്ചു. ഏറ്റെടുക്കലിന് എതിരായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കി. പാട്ടക്കരാർ ലംഘനം ചൂണ്ടിക്കാട്ടി 2002 ലാണ് ബിയാട്രിസ് എസ്റ്റേറ്റ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 246.26 ഏക്കർ എസ്റ്റേറ്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഏറ്റെടുക്കലിനെ ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചിരുന്നു.
ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധി ശരിവെച്ച സുപ്രീം കോടതി എന്നാൽ കൈവശം ഉണ്ടായിരുന്ന കാലയളവിൽ എസ്റ്റേറ്റിൽ നിന്നുള്ള ആദായം എസ്റ്റേറ്റ് ഉടമസ്ഥർക്ക് അർഹതപ്പെട്ടതാണെന്നും വ്യക്തമാക്കി. 1952 ലാണ് പി.ഐ ജോസഫ് എന്ന വ്യക്തിക്ക് 246.26 ഏക്കർ വിസ്തീർണമുള്ള എസ്റ്റേറ്റ് ഏലം, കാപ്പി എന്നിവ കൃഷി ചെയ്യുന്നതിന് സർക്കാർ 99 വർഷത്തേക്ക് പാട്ടത്തിന് കൈമാറിയത്. എസ്റ്റേറ്റ് നടത്തിപ്പിന് 1974 ൽ അദ്ദേഹം കെ.കെ ജോസഫ് എന്ന വ്യക്തിക്കൊപ്പം ചേർന്ന് കമ്പനി രൂപവത്കരിച്ചു. കമ്പനിയുമായി സംസ്ഥാന സർക്കാർ പുതിയ കരാർ ഒപ്പിട്ടു.
എന്നാൽ എസ്റ്റേറ്റിലെ 50 ഏക്കർ ഭൂമി മറ്റൊരാൾക്ക് കൈമാറിയെന്നും ഇത് പാട്ടകരാർ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ എസ്റ്റേറ്റ് ഏറ്റെടുത്തത്. സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ ജി പ്രകാശ്, അഭിഭാഷകൻ എം.എൽ ജിഷ്ണു എന്നിവർ ഹാജരായി.
ബിയാട്രിസ് എസ്റ്റേറ്റ് കൈവശം വെച്ചിരുന്നവർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ തോമസ് പി ജോസഫും അഭിഭാഷകൻ പ്രശാന്ത് പദ്മനാഭനും ഹാജരായി. നെല്ലിയാമ്പതിയിലെ കൊച്ചിൻ എസ്റ്റേറ്റ് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാൻ സുപ്രീം കോടതി വിസ്സമ്മതിച്ചു.