തിരുവനന്തപുരം : കെട്ടിട നിര്‍മ്മാണ മേഖലയില്‍ വന്‍ തട്ടിപ്പാണ് സമീപകാലത്ത് നടക്കുന്നത്. ഫെയ്സ് ബുക്ക് പരസ്യത്തിലൂടെയാണ് ഇവര്‍ ഇരകളെ കണ്ടെത്തുന്നത്. ജനങ്ങളുടെ വിശ്വാസം നേടാന്‍ പലരും പ്രൈവറ്റ് ലിമിറ്റഡ് കമ്പിനി രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പിന് ഇറങ്ങുന്നത്. പരസ്യത്തില്‍ കുറഞ്ഞ നിരക്കും ഓഫറുകളും ഇവര്‍ പ്രഖ്യാപിക്കും. പരസ്യം കണ്ട് ഒരിക്കല്‍ വിളിച്ചാല്‍പ്പിന്നെ ഇവരുടെ വലയില്‍ വീഴും. ഇന്റര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന മനോഹരമായ കെട്ടിടങ്ങളുടെയും റിസോര്‍ട്ട് കളുടെയും ഫോട്ടോകള്‍ വാട്സാപ്പിലേക്ക് നല്കി ഇതൊക്കെ തങ്ങള്‍ നിര്‍മ്മിച്ചവ ആണെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. പിന്നീട് സൈറ്റ് വിസിറ്റിനെന്ന പേരില്‍ വന്ന് മോശമല്ലാത്ത ഒരു തുക ഇവര്‍ കൈക്കലാക്കും.
തിരുവനന്തപുരം ഈഞ്ചക്കല്‍ ഉള്ള ഒരു കമ്പിനി പത്തനംതിട്ട സ്വദേശിയില്‍ നിന്നും പിടിച്ചുപറിച്ചത് 25000 രൂപയാണ്. റവന്യു വകുപ്പിലെ ജീവനക്കാരന് ആയിരുന്നെന്നും തനിക്ക് എല്ലാവരുമായും നല്ല പരിചയം ഉണ്ടെന്നുമാണ് ഇയാള്‍ ധരിപ്പിക്കുന്നത്. കെട്ടിട നിര്‍മ്മാണ മേഖലയോടുള്ള താല്‍പ്പര്യം മൂലം സര്‍ക്കാര്‍ ജോലി രാജിവെച്ചു എന്ന് പറയുന്ന ഇയാള്‍ ചിലരോട് പറയുന്നത് സെക്രട്ടറിയേറ്റിലെ ജോലിക്കാരന് ആണെന്നാണ്. റിസോര്‍ട്ടോ വീടോ പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് എത്തിയാല്‍ ഉടന്‍ ഇയാള്‍ വീഡിയോ എടുത്ത് തങ്ങളുടെ കമ്പിനിയുടെ പരസ്യവും വെച്ച് സോഷ്യല്‍ മീഡിയാ വഴി പ്രചരിപ്പിക്കും. തങ്ങളുടെ പുതിയ പണി തുടങ്ങിയെന്നും ഇത്ര കോടിയുടെ പ്രോജക്ട് ആണെന്നും വീഡിയോയിലൂടെ വീമ്പിളക്കും. എന്നാല്‍ ഈ സമയം വീട്ടുടമ ഇവരെ പണി ഏല്‍പ്പിച്ചിട്ടുപോലും ഉണ്ടാകില്ല.
യുട്യുബ്, ഫെയ്സ് ബുക്ക്, വാട്സപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവരുടെ പ്രചരണം. ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നവരാണ് തങ്ങളുടെ ഡിസൈനര്‍മാരും ആർക്കിടെക്ചർമാരും എന്നാണ് ഇയാള്‍ പറയുന്നത്. സൈറ്റ് വിസിറ്റിനു വരുമ്പോള്‍ ഇവരെയും കൂട്ടിയാണ് വരുന്നത്. പ്രലോഭനങ്ങളും വാഗ്ദാനങ്ങളും നല്കി വീടിന്റെ മൊത്തം പണി കരാര്‍ ഉറപ്പിക്കുവാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതിനനുസരിച്ച തുക മുന്‍കൂറായി കൈപ്പറ്റുകയും ചെയ്യും. ഇത്തരം തട്ടിപ്പ് നടത്തിയ ഒരാളെ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇത് വാര്‍ത്തയായത്തോടെ പലരും ഫെയിസ് ബുക്കിലെ പരസ്യം പിന്‍വലിച്ചിട്ടുണ്ട്. കബളിപ്പിക്കപ്പെട്ട പലരും പരാതി നല്കുവാന് തയ്യാറാകുന്നില്ല. ഇത് ഇത്തരം തട്ടിപ്പുകാര്‍ക്ക് കൂടുതല്‍ പ്രചോദനമാകുന്നുണ്ട്.