ചർമ്മകാന്തിയ്ക്ക് പല തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നവരുണ്ട്. കൃത്യ സമയത്ത് ഉറങ്ങുന്നത് മുതൽ രാവിലെയും രാത്രിയും കൃത്യമായി ചർമ്മ സംരക്ഷണം നടത്തുന്നത് വരെ ഇതിൽ വളരെ പ്രധാനമാണ്. പലരും ഷെൽഫിൽ നിര നിരയായി പല തരം ഉത്പ്പന്നങ്ങളും അടുക്കി വച്ചിട്ടുണ്ടാവും. ഓരോ ഉത്പ്പന്നത്തിനും അതിൻ്റേതായ ഉപയോഗങ്ങളുമുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത. ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്ന പഴയതും പരമ്പരാഗതവുമായ രീതികളും ചേരുവകളും പലരും അവഗണിച്ച് കളയാറുണ്ട്.
അത്തരത്തിലുള്ള ഒരു അത്ഭുത വസ്തുവാണ് നെയ്യ്. മലയാളികൾ ഉൾപ്പെടെ പലരും പാചകത്തിൽ വ്യാപകമായി നെയ്യ് ഉപയോഗിക്കാറുണ്ട്. ശരീരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന വിവിധ പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നതിനാൽ നെയ്യ് ഒരു സൂപ്പർഫുഡായാണ് കണക്കാക്കപ്പെടുന്നത്. വീട്ടിലെ ആവശ്യത്തിന് മാത്രമല്ല, ചർമ്മത്തിൻ്റെ അഴകിനും നെയ്യ് ഒരു പ്രധാന ഘടകമാണ്. ചർമ്മ സംരക്ഷണത്തിൽ ദിവസവും നെയ്യ് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യുന്നു
നെയ്യിൽ വൈറ്റമിൻ എയും ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് ഇത് ഒരു മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസറായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിന് ദീർഘകാല ജലാംശം നൽകുകയും വരണ്ടു പോകുന്നത് തടയുകയും ചെയ്യുന്നു. കുളിക്കുന്നതിന് മുമ്പ് ചർമ്മത്തിൽ മൃദുവായി നെയ്യ് പുരട്ടാം, ഇത് ചർമ്മത്തെ മൃദുവാക്കും.
വീണ്ടു കീറിയ ചുണ്ടുകൾക്ക് പരിഹാരം
വരണ്ടതും വിണ്ടു കീറിയതുമായ ചുണ്ടുകൾ പലരും നേരിടുന്ന പ്രധാന പ്രശ്നമാണ്. ഇത് മാറ്റാൻ നെയ്യ് നന്നായി ഉപയോഗിക്കാൻ കഴിയും. നെയ്യിൽ അടങ്ങിയിരിക്കുന്ന മോയ്സ്ചറൈസിംഗ് ഗുണങ്ങളാൽ, വിണ്ടുകീറിയ ചുണ്ടുകൾക്ക് ചികിത്സ നൽകാനും അവയെ ആരോഗ്യകരമാക്കാനും നെയ്യിന് കഴിയും. ഇത് ചുണ്ടിന് നല്ല തുടിപ്പും അതുപോലെ നിറവും നൽകാൻ സഹായിക്കുന്നതാണ്.
വിഷാംശം പുറന്തള്ളുന്നു
ശരീരത്തിൽ അടിഞ്ഞ് കൂടുന്ന വിഷാംശം പുറന്തള്ളാൻ സഹായിക്കുന്നതാണ് നെയ്യ്. ദഹനവ്യവസ്ഥയെ പിന്തുണയ്ക്കുന്ന വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, അവശ്യ ഫാറ്റി ആസിഡുകൾ എന്നിവയാൽ നെയ്യ് നിറഞ്ഞിരിക്കുന്നു. ദഹനം നല്ലതായിരിക്കുമ്പോൾ, ശരീരത്തിലെ എല്ലാ വിഷ വസ്തുക്കളും പുറന്തള്ളപ്പെടുന്നു, ഇത് ചർമ്മത്തെ ശുദ്ധമാക്കുന്നു.
കണ്ണിനടിയിലെ കറുപ്പ് മാറ്റുന്നു
ഉറക്ക കുറവും സമ്മർദ്ദവുമൊക്കെ കാരണം പലർക്കും കണ്ണിന് അടിയിൽ കറുപ്പ് നിറം വരാറുണ്ട്. കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ കാണാൻ അരോചകമാണ്, പക്ഷേ കുറച്ച് നെയ്യ് ഈ കറുപ്പ് വരുന്ന ഭാഗങ്ങളിൽ പുരട്ടുന്നത് ചർമ്മത്തിന് തിളക്കം നൽകാനും നല്ല വിശ്രമം നൽകാൻ ഏറെ സഹായിക്കും. കണ്ണിന് താഴ്ഭാഗത്ത് നെയ്യ് പുരട്ടിയാൽ ക്രമേണ കറുത്ത പാടുകൾ അകറ്റാം.
ചർമ്മത്തിൻ്റെ യുവത്വം നിലനിർത്തുന്നു
ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുന്ന ചില ഗുണങ്ങൾ നെയ്യിലുണ്ട്. ഇതിൽ വിറ്റാമിൻ എ, ഡി, ഇ എന്നിവയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് ചുളിവുകളും വാർദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങളും തടയാൻ വളരെയധികം സഹായിക്കുന്നതാണ്.