വളാഞ്ചേരി: ഇടിമിന്നലില്‍ കിടക്ക നിര്‍മാണ യൂനിറ്റ് കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. വളാഞ്ചേരി കാവുംപുറം കെ.ആര്‍ ശ്രീനാരായണ കോളജിന് സമീപത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കിടക്ക നിര്‍മാണ യൂനിറ്റിനാണ് തീപിടിച്ചത്. കാളിയേല സ്വദേശി ചോലേങ്ങല്‍ സിദ്ദീഖിന്‍റെ ഉടമസ്ഥതയിലുള്ളതാണിത്.
തിങ്കളാഴ്ച ഉച്ചക്ക് 2.15ഓടെയാണ് തീപിടിത്തമുണ്ടായത്. മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ കെട്ടിടത്തിന് പുറത്ത് സൂക്ഷിച്ചിരുന്ന സാധനങ്ങളില്‍ തീപിടിക്കുകയായിരുന്നു. തുടര്‍ന്ന് തീ ഇരുനില കെട്ടിടത്തിനകത്തേക്ക് പടര്‍ന്നു. സംഭവസമയത്ത് സ്ഥാപനത്തിലെ ജീവനക്കാര്‍ ഭക്ഷണം കഴിക്കുന്നതിന് പുറത്ത് പോയിരുന്നതിനാല്‍ വലിയദുരന്തം ഒഴിവായി. നാട്ടുകാരും തിരൂര്‍, പൊന്നാനി എന്നിവിടങ്ങളില്‍നിന്ന് എത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകളും ചേര്‍ന്നാണ് തീ അണച്ചത്. വൈകീട്ട് നാലോടെയാണ് തീ പൂര്‍ണമായി അണച്ചത്. വില്‍പനക്ക് സൂക്ഷിച്ചിരുന്ന കിടക്കകള്‍, തലയണകള്‍ എന്നിവയും നിര്‍മാണ ഉപകരണങ്ങളും പൂര്‍ണമായി കത്തിനശിച്ചു.