നോയിഡ : ആശുപത്രിക്ക് മുന്നില്‍ മൂന്ന് മണിക്കൂറോളം കാത്ത് നിന്നിട്ടും കിടക്ക ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കോവിഡ് രോഗിയായ യുവതി വീണു മരിച്ചു.
നോയിഡയിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ദാരുണ സംഭവമുണ്ടായത്. എഞ്ചിനീയറായ ജഗ്രിതി ഗുപ്തയാണ് മരിച്ചത്. ജോലി ആവശ്യത്തിനായി ഗ്രേറ്റര്‍ നോയിഡയില്‍ താമസിക്കുകയായിരുന്നു ജഗ്രിതി. ശ്വാസതടസ്സം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് ജഗ്രിതി ആശുപത്രിയിലേക്ക് പോയത്. ജഗ്രിതിയുടെ വീട്ടുടമയും ആശുപത്രിയിലേക്ക് എത്തിയിരുന്നു. കിടക്ക ഒഴിവില്ലെന്നും പാര്‍ക്കിങ് ഏരിയയില്‍ കാത്തിരിക്കൂവെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞതോടെ യുവതി കാറിനുള്ളില്‍ കാത്തിരുന്നു.
യുവതിയുടെ നില വഷളാകുന്നത് കണ്ടതോടെ വീട്ടുടമ ആശുപത്രി അധികൃതരോട് കരഞ്ഞു പറഞ്ഞു. പക്ഷേ ആരും ചെവിക്കൊണ്ടില്ല. തിരികെ കാറിലെത്തി നോക്കുമ്പോള്‍ യുവതി കുഴഞ്ഞ് വീണിരുന്നു. തുടര്‍ന്ന് ഇദ്ദേഹം നഴ്സിനെ സമീപിച്ച് വിവരം അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതിക്ക് രണ്ട് മക്കളും ഭര്‍ത്താവും ഉണ്ട്.
ആശുപത്രികള്‍ നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്ന് നോയിഡയില്‍ വീണുമരിക്കുന്നവരുടെ എണ്ണം ഞെട്ടിക്കുന്ന തരത്തില്‍ കൂടി വരികയാണ്. ഓക്സിജന്‍ ബെഡുകള്‍ എപ്പോള്‍ ലഭിക്കുമെന്ന ചോദ്യത്തിന് അതൊന്നും പറയാനാവില്ലെന്ന മറുപടിയാണ് രോഗികള്‍ക്ക് ലഭിക്കുന്നത്.