ഡല്‍ഹി: രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ശിവസേന നേതാവ് ഉദ്ദവ് താക്കറെ. കള്ളനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്ത് കുറ്റകരമായി മാറിയിരിക്കുകയാണെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ജനാധിപത്യത്തിന്റെ കൊലപാതകമാണ് ഉണ്ടായിരിക്കുന്നത്. ഏകാധിപത്യത്തിന്റെ തകര്‍ച്ച തുടങ്ങിയെന്നും ഉദ്ദവ് താക്കറെ പറഞ്ഞു. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസിലാണ് രാഹുല്‍ ഗാന്ധിക്ക് സൂറത്ത് കോടതി രണ്ട് വര്‍ഷം തടവ് ശിക്ഷ ഇന്നലെ വിധിച്ചത്. ബി.ജെ.പി എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ കോടതിയെ സമീപിച്ചത്.
അതേസമയം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ രംഗത്തെത്തി. ജനാധിപത്യത്തെ കൊന്നുവെന്ന് രൂക്ഷ പ്രതികരണവുമായി കെ സുധാകരന്‍ ആഞ്ഞടിച്ചു. തീരുമാനം ജനാധിപത്യത്തിന്റെ കഴുത്തില്‍ കത്തിവയ്ക്കുന്നതിന് തുല്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ഈ രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.