കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന നിക്ഷേപ തട്ടിപ്പിനെക്കുറിച്ച് പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം തയ്യാറാക്കുന്ന പരമ്പരയുടെ രണ്ടാം ഭാഗം. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളെക്കുറിച്ചും അവരുടെ നിക്ഷേപ പദ്ധതികളെക്കുറിച്ചും അതില്‍ നിക്ഷേപകര്‍ക്ക് ദോഷമായി ഒളിഞ്ഞിരിക്കുന്ന വിവരങ്ങളെക്കുറിച്ചും ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരമ്പര പ്രസിദ്ധീകരിക്കുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ചില സ്ഥാപനങ്ങള്‍ മുമ്പോട്ടുപോകുമ്പോള്‍ ഈ പരമ്പരയിലൂടെ വെളിപ്പെടുത്തുന്ന വിവരങ്ങള്‍ നിക്ഷേപകര്‍ക്ക് പ്രയോജനകരമാകും എന്ന് കരുതുന്നു – എഡിറ്റോറിയല്‍ ബോര്‍ഡ്
മുമ്പ് നാട്ടിന്‍പുറങ്ങളിലും പട്ടണങ്ങളിലും ചെറിയ ചെറിയ ഫൈനാന്‍സ് സ്ഥാപനങ്ങള്‍ കാണാമായിരുന്നു. എന്നാല്‍ ഇന്ന് അവയുടെ എണ്ണം തീരെ കുറഞ്ഞു. വന്‍കിട കമ്പിനികളും കോര്‍പ്പറേറ്റ് ഭീമന്മാരും കടന്നുവന്നതോടെ പലരും രംഗം വിട്ടു. മറ്റു ചിലരാകട്ടെ ഏതുനിമിഷവും പൂട്ടാന്‍ തയ്യാറെടുക്കുകയുമാണ്. സാധാരണ ജനങ്ങളുടെ അത്താണിയായിരുന്നു ഇത്തരം ഫൈനാന്‍സ് സ്ഥാപനങ്ങള്‍. നാട്ടിലെ പണമുള്ള ആരെങ്കിലുമൊക്കെയായിരുന്നു ഈ സ്ഥാപനങ്ങള്‍ തുടങ്ങിയിരുന്നത്. ഉടമകളൊക്കെ വ്യക്തികള്‍ മാത്രമായിരുന്നു. കേരളാ മണി ലെന്റിംഗ് ആക്ട് പ്രകാരമായിരുന്നു ഇവ പ്രവര്‍ത്തിച്ചിരുന്നത്. സ്വര്‍ണ്ണം പണയം വെക്കുവാന്‍ ജനങ്ങള്‍ ഓടിയെത്തുന്നത് ഇവിടേക്കായിരുന്നു. മാസപ്പലിശ പറഞ്ഞാലും അതില്‍ ചില വിട്ടുവീഴ്ചകളും ഇവര്‍ ചെയ്യുമായിരുന്നു.
നിക്ഷേപങ്ങള്‍ സ്വീകരിക്കുവാന്‍ ഇവര്‍ക്ക് അനുവാദം ഇല്ലെങ്കിലും ചില അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും തങ്ങളുടെ പണം ഇവരെ ഏല്‍പ്പിക്കാറുണ്ടായിരുന്നു. ഇവരിലുള്ള വിശ്വാസം കൊണ്ടായിരുന്നു ഇത്. ബിസിനസ്സില്‍ നിന്നും കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം ഇവര്‍ക്ക് കൃത്യമായി നല്‍കുകയും ചെയ്യും. അമ്പതോ അറുപതോ ലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് ഇവിടെ നടക്കാറുണ്ടായിരുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ പൂട്ടിക്കെട്ടിയാല്‍ അത് ജനങ്ങളെ കാര്യമായി ബാധിക്കാറില്ലായിരുന്നു. ഇടപാടുകാര്‍ സ്ഥാപന ഉടമയുടെ ഏറ്റവും വേണ്ടപ്പെട്ടവര്‍ ആയതിനാല്‍ എല്ലാം രമ്യമായി പരിഹരിക്കും, ഇല്ലെങ്കില്‍ പിന്നെ നാട്ടില്‍ ജീവിക്കാന്‍ ഒക്കില്ലെന്ന് സ്ഥാപന ഉടമക്കും അറിയാം.
എന്നാല്‍ ഇത്തരം ചെറുകിട ജനകീയ സ്ഥാപനങ്ങളെ വിഴുങ്ങിക്കൊണ്ട് ഇപ്പോള്‍ വന്‍കിട സ്വകാര്യ കമ്പിനികള്‍ രംഗം കയ്യടക്കിക്കഴിഞ്ഞു. മുമ്പ് കേരള മണി ലെന്റിംഗ് നിയമം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ചെറുകിട സ്ഥാപനങ്ങള്‍ മാത്രമായിരുന്നുവെങ്കില്‍ ഇന്ന് ഇതേ നിയമത്തില്‍ ലൈസന്‍സ് സമ്പാദിച്ച് പ്രവര്‍ത്തിക്കുന്ന വന്‍കിട സ്ഥാപനങ്ങളാണ് അധികവും. കൂടാതെ പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിക് ലിമിറ്റഡ്, എല്‍.എല്‍.പി, നിധി കമ്പിനി, എന്‍.ബി.എഫ്.സി തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന കമ്പിനികളും ഇന്ന് കേരളത്തിലെ സ്വകാര്യ ധനകാര്യമേഖല പൂര്‍ണ്ണമായും കയ്യടക്കിക്കഴിഞ്ഞു.
സൂപ്പര്‍ താരങ്ങളെയും ജനകീയരായിട്ടുള്ള വ്യക്തികളെയും ബ്രാന്‍ഡ് അമ്പാസിഡര്‍ ആക്കിക്കൊണ്ട് കോടികള്‍ ചെലവഴിച്ചാണ് പരസ്യങ്ങള്‍. ഇത്തരം പരസ്യങ്ങളിലൂടെ ജനവിശ്വാസം ആര്‍ജ്ജിക്കുകയും ആയിരക്കണക്കിന് കോടികള്‍ ആസ്തിയുള്ളതാണ് തങ്ങളുടെ കമ്പിനിയെന്നു പൊതുജനങ്ങളെ വിശ്വസിപ്പിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. മിക്ക കമ്പിനികളും പി.ആര്‍ ഏജന്‍സിയെ നിയമിച്ചിട്ടുണ്ട്. ഇവരിലൂടെ ലക്ഷങ്ങളും കോടികളും വാരിയെറിയുമ്പോള്‍ കമ്പിനി മുതലാളി വി.വിഐപി ആകും. പണംകൊടുത്തു വാങ്ങുന്ന പദവികളും അവാര്‍ഡുകളും ഡിഗ്രികളും സമൂഹത്തില്‍ കമ്പിനി മുതലാളിക്ക് മോശമല്ലാത്ത പ്രതിശ്ചായ നല്‍കും. മുന്തിയ കാറുകളും ആഡംബര ജീവിതവും കണ്ട് സാധാരണ ജനം അന്തംവിടും. ഇതിനെല്ലാം ചെലവിടുന്നത് സാധാരണക്കാരില്‍ നിന്നും നിക്ഷേപമായി ലഭിച്ച പണമാണെന്നുമാത്രം ജനം അറിയുന്നില്ല. ജനങ്ങളുടെ കയ്യിലുള്ള പണം ഏതു മാര്‍ഗ്ഗത്തില്‍ക്കൂടിയാണെങ്കിലും തങ്ങളുടെ പെട്ടിയില്‍ വീഴിക്കുക എന്നത് മാത്രമാണ് ഇവരുടെ ലക്‌ഷ്യം. ഇതിനുവേണ്ടി മോഹനവാഗ്ദാനങ്ങളും വിവിധ പദ്ധതികളും ഇവര്‍ പരിചയപ്പെടുത്തും. ജനങ്ങള്‍ പൊരിവെയിലത്ത് വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം വളരെ നിഷ്പ്രയാസമാണ് ഇവരുടെ പെട്ടിയില്‍ കയറുന്നത്. >>> തുടരും..
ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs