തിരുവല്ല : ബിലീവേഴ്സ് മെഡിക്കൽ കോളേജിലുണ്ടായ റെയ്ഡും തുടർന്ന് അനധികൃത പണം പിടിച്ചതിനും പിന്നിൽ മെഡിക്കൽ കോളേജ് മാനേജർ ആണെന്ന ആരോപണവുമായി ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സേവ് ഫോറം.
സഭയെയും മെത്രാപ്പോലീത്തയായ കെ പി യോഹന്നാനെയും വിശ്വാസി സമൂഹത്തെയും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനമാണ് സഭയുടെ സ്ഥാപനങ്ങളുടെ ചുമതല വഹിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെ ന്നും ചില തൽപരകക്ഷികൾ സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും തങ്ങളുടെ സ്വയം പ്രശസ്തിക്കും വേണ്ടി ദുരുപയോഗം ചെയ്യുന്നുവെന്നും അതിൻ്റെ തെളിവാണ് സഭയുടെ സ്ഥാപനമായ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഭൂഗർഭ ഗോഡൗണിൽ ഒളിപ്പിച്ചിരുന്ന വാഹനത്തിൽ നിന്നും കോടിക്കണക്കിന് രൂപ ഇൻകംടാക്സ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് എന്നും സഭയുടെ ആസ്ഥാനത്ത് നിരോധിക്കപ്പെട്ട പണം സൂക്ഷിച്ചത് നിയമലംഘനമാണെന്നും സേവ് ഫോറം ആരോപിച്ചു.
പണം ഒളിപ്പിച്ചുവെച്ച കാറിൻ്റെ താക്കോൽ ഇൻകം ടാക്സ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത് മെഡിക്കൽ കോളേജ് മാനേജരായ ഫാദർ സിജോ പന്തപള്ളിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ നിന്നാണെന്നും കള്ളപ്പണം സൂക്ഷിക്കുന്നതിനുള്ള സങ്കേതമായി സഭയുടെ സ്ഥാപനമായ മെഡിക്കൽ കോളേജിനെ മാനേജർ ഉപയോഗിച്ചിരിക്കുന്നുവെന്നും ഫോറം ആരോപിച്ചു. സഭയുമായി യാതൊരു ബന്ധവും ഇല്ലാത്ത പണമാണ് കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വാഹനങ്ങളിൽ നിന്നും കണ്ടെടുത്തിരിക്കുന്നത്. ഒരു വൈദികൻ അന്യായമായി സൂക്ഷിച്ചു വെച്ച കള്ളപ്പണം സഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സൂക്ഷിച്ചതിന് സഭയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സേവ് ഫോറം വ്യക്തമാക്കി.
മെഡിക്കൽ കോളേജിലെ ഒരു ജീവനക്കാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനമാണ് കള്ളപ്പണം സൂക്ഷിക്കുവാനായി ഫാദർ സിജോ പന്തപള്ളിയിൽ ഉപയോഗിച്ചത്. ഫാദർ സിജോ പന്തപള്ളി തൻ്റെയും കുടുംബാംഗങ്ങളുടെയും പേരിൽ അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ട്. ഈ സ്വത്തുക്കളിൽ ഭൂരിഭാഗവും കണ്ണൂർ ജില്ലയിലാണുള്ളത്. കണ്ണൂർ ജില്ലയിലെ ചില രാഷ്ട്രീയ നേതാക്കളുടെ ഒത്താശയോടെ നടത്തപ്പെടുന്ന അഴിമതിയും പണ സമ്പാദനവും അന്വേഷിക്കണമെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച സേവ് ഫോറം ആവശ്യപ്പെട്ടു. മെഡിക്കൽ കോളേജിലെ ഉന്നത തസ്തികകളിൽ ബന്ധുക്കളെ നിയമിച്ച് സമാന്തര അഴിമതിയാണ് നടത്തുന്നതെന്നും കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള ശ്രമങ്ങളുമാണ് മാനേജർ നടത്തിവരുന്നതെന്നും ഫോറം ആരോപിച്ചു.
മെഡിക്കൽ കോളേജിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ നടത്താൻ പോലും വേണ്ട പണം ഇല്ലെന്നും വലിയ കടക്കെണിയിലാണ് മെഡിക്കൽ കോളേജിൻ്റെ പ്രവർത്തനങ്ങൾ നടന്നു പോകുന്നത് എന്നും ഫോറം അധികൃതർ വ്യക്തമാക്കി. വൈ ദികർക്ക് ശമ്പളം നൽകാനുള്ള പണം പോലും നൽകാൻ സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് മാനേജരുടെ ചെയ്തികൾ സഭയ്ക്ക് തലവേദനയായിരിക്കുന്നത് എന്നും വരും ദിവസം കൂടുതൽ കാര്യങ്ങൾ പുറത്തു വിടുമെന്നും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച സേവ് ഫോറം പ്രസിഡൻറ് അഡ്വക്കേറ്റ് സ്റ്റീഫൻ ഐസക്, ജനറൽസെക്രട്ടറി ഡോക്ടർ ജോൺസൺ വി ഇടിക്കുള എന്നിവർ അറിയിച്ചു.