തിരുവല്ല : ബിലീവേഴ്സ് ചർച്ച് സ്ഥാപനങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന തുടരുന്നു. രണ്ടുദിവസമായി നടക്കുന്ന പരിശോധനയിൽ വൻ സാമ്പത്തികത്തട്ടിപ്പ് കണ്ടെത്തിയതായാണ് സൂചന. വെള്ളിയാഴ്ച നടത്തിയ റെയ്ഡില്‍ ഏഴ് കോടി രൂപകൂടി പിടികൂടി.
ബിലിവേഴ്സ് ചര്‍ച്ചിന്റെ തിരുവല്ലയിലെ മെഡിക്കല്‍ കോളജ് കോംപൗണ്ടില്‍ പാര്‍ക്ക് ചെയ്ത കാറില്‍ നിന്നാണ് പണം പിടികൂടിയത്. മെഡിക്കല്‍ കോളജ് അക്കൗണ്ടന്റിന്റെതാണ് കാർ. ഇതോടെ രണ്ട് ദിവസം നടന്ന റെയ്ഡിൽ ആകെ പതിനാലരക്കോടി രൂപയാണ് കണ്ടെത്തിയത്.
കോടികണക്കിനു രൂപയുടെ വിദേശ സഹായം ബിലിവേഴ്സ് ചർച്ചിനു ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ വിനിയോഗത്തിൽ വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചതായും ആദായനികുതി വകുപ്പ് കണ്ടെത്തി. ജീവകാരുണ്യ പ്രവർത്തനത്തിന്റെ പേരിൽ വിദേശത്തുനിന്ന് സഹായം സ്വീകരിക്കുകയും എന്നാൽ ആ പണത്തിന്റെ മുഖ്യപങ്കും സ്വകാര്യ സ്വത്തുക്കൾ സമ്പാദിക്കുന്നതിനായി ഉപയോഗിക്കുകയുമായിരുന്നുവെന്നാണ് വിവരം.
വിദേശത്തുനിന്ന് പ്രവഹിച്ച കോടിക്കണക്കിന് പണം റിയൽ എസ്റ്റേറ്റ് മേഖലയിലും വിനിയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തിൽ ലഭിച്ച 6000 കോടി രൂപയുടെ വിവരങ്ങൾ ആദായനികുതി വകുപ്പിന്റെ പരിശോധനയിൽ പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ഇവരുടെ സാമ്പത്തിക ഇടപാടുകൾ ആദായനികുതിവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു.