ഇടുക്കി : കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ തണ്ണിക്കോട്ട് മെറ്റല്‍സ് റവന്യു വകുപ്പ് അടപ്പിച്ചു. ലൈസന്‍സ് ഇല്ലാത്ത ക്രഷര്‍ തുറന്നതിനെ തുടര്‍ന്നാണ് നടപടി. തണ്ണിക്കോട്ട് മെറ്റല്‍സ് ഉടമ റോയി കുര്യനെതിരെ നടപടിയെടുക്കുമെന്നും റവന്യു വകുപ്പ് അറിയിച്ചു. അതേസമയം, റിസോര്‍ട്ടിന് ശാന്തന്‍പാറ പഞ്ചായത്ത് സെക്രട്ടറി സ്റ്റോപ്പ് മെമ്മോ നല്‍കി. രാജാപ്പാറയിലെ ജംഗിള്‍ പാലസ് റിസോര്‍ട്ടിനാണ് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.
മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും പറയുന്നത്. ക്രഷര്‍ യൂണിറ്റിനാവശ്യമായ അപേക്ഷ പോലും നല്‍കാതെയാണ് ഉദ്ഘാടനം നടത്തിയത്. ഇതോടെ അനധികൃത പാറഖനനത്തിന് മന്ത്രി ഒത്താശ ചെയ്യുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.
കഴിഞ്ഞ 28 നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനം മന്ത്രി എം എം മണി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നിശാപാര്‍ട്ടി നടത്തിയത് വന്‍ വിവാദമായി. കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കാതെയായിരുന്നു ബെല്ലി ഡാന്‍സും മദ്യസല്‍ക്കാരമൊക്കെയുള്ള പാര്‍ട്ടി. എന്നാല്‍ ഉദ്ഘാടനം നടത്തിയ ക്രഷര്‍ യൂണിറ്റിന് ലൈസന്‍സ് ഇല്ലെന്നാണ് ഉടുമ്പന്‍ചോല പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. ഒരു അപേക്ഷ പോലും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.