കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും സന്ദർശനങ്ങളും നിർത്തിവെച്ച് ക്രിസ്ത്യൻ സംഘടനകൾ. ഹൗറ ജില്ലയിലെ ഉലുബേരിയയിൽ പാസ്റ്റർക്കും വിശ്വാസികൾക്കും മർദനമേൽക്കേണ്ടി വന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ ഉലുബേരിയയിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബംഗീയ ബംഗാൾ ക്രിസ്ത്യൻ കൗൺസിൽ സ്ഥാപകൻ ഹെറോദ് മല്ലിക് പറഞ്ഞു. ഓഗസ്റ്റ് 23ന് ഉലുബേരിയയിൽ ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെയാണ് ഒരു സംഘം വീടിനുള്ളിലേക്ക് കടന്നുകയറിയത്. ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ചായിരുന്നു ആക്രമണം. ഞായറാഴ്ചകളിലെ പതിവുപോലെ ഏകദേശം 60 പേർ പങ്കെടുക്കുന്ന പ്രാർഥനാ യോഗത്തിനായി വീട് വാടകയ്ക്കെടുത്തതായിരുന്നു.
രാവിലെ 11ന് പ്രാർഥന ആരംഭിച്ചു. വൈകിട്ട് മൂന്നോടെ മുദ്രാവാക്യം വിളിച്ചെത്തിയ സംഘം വീടിനുള്ളിലേക്ക് കടന്നുകയറി പാസ്റ്ററെയും വിശ്വാസികളെയും മർദിക്കുകയും മൈക്കും സ്പീക്കറും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. ജൂലൈ അഞ്ചിന് സൗത്ത് 24 പർഗാനാസിലെ സുഭാഷ്ഗ്രാമിൽ നിർമാണത്തിലിരുന്ന പള്ളി ആക്രമിച്ചതായും പൂർവ ബർധമാനിൽ ശവസംസ്കാര ചടങ്ങ് തടസ്സപ്പെടുത്തിയതായും പാസ്റ്റർ പറഞ്ഞു. സംഭവത്തിൽ പോലീസ് എത്തിയാണ് പാസ്റ്ററെയും വിശ്വാസികളെയും രക്ഷപ്പെടുത്തിയത്. മതപരിവർത്തനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ സംഭവങ്ങളെ വിശദീകരിക്കുന്നത്. എന്നാൽ, ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വീടുകളിലെ പ്രാർഥനകളും സന്ദർശനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്ന് ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചു.































