കൊല്‍ക്കത്ത: കോവിഡിന്റെ രണ്ടാംതരംഗം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളില്‍ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴുമണിക്ക് 43 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം റെക്കോര്‍ഡ് വര്‍ധനയിലെത്തി നില്‍ക്കുമ്പോഴാണ് വോട്ടെടുപ്പ്. വോട്ടെടുപ്പ് ആരംഭിച്ചതു മുതല്‍ മിക്ക പോളിങ് ബൂത്തുകളിലും നീണ്ടനിര കാണാനാകും.
ആറാംഘട്ട വോട്ടെടുപ്പില്‍ 306 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 27 പേര്‍ വനിതകളാണ്. ഈ ഘട്ടത്തില്‍ 1.03 കോടി പേര്‍ പോളിങ് ബൂത്തിലെത്തും. ഇതില്‍ 50.65 ലക്ഷം സ്ത്രീകളും 256 ട്രാന്‍സ്ജെന്‍ഡര്‍മാരുമാണ്. 14,480 പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. 43 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും മത്സര രംഗത്തുണ്ട്. കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ട് എന്നിവര്‍ സംയുക്ത മോര്‍ച്ച മുന്നണിയുടെ ബാനറിലാണ് മത്സരം.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് മുകുള്‍ റോയ് ആറാംഘട്ടത്തില്‍ കൃഷ്ണനഗര്‍ ഉത്തര്‍ നിയോജക മണ്ഡലത്തില്‍നിന്ന് ജനവിധി തേടും. ബംഗാളില്‍ എട്ടുഘട്ടമായാണ് നിയമസഭ തെരഞ്ഞെടുപ്പ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നടക്കാനിരിക്കുന്ന ബാക്കി ഘട്ട തെരഞ്ഞെടുപ്പുകള്‍ ഒറ്റ ഘട്ടമായി നടത്തണമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയടക്കം ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 26ല്‍, 29 തീയതികളിലാണ് ഏഴും എട്ടും ഘട്ട തെരഞ്ഞെടുപ്പ്. മേയ് രണ്ടിന് ഫലമറിയാം.