കൊല്‍ക്കത്ത : സത്യജിത്ത് റേയുടെ സിനിമകളിലൂടെ പ്രശസ്തനായ വിഖ്യാത ബംഗാളി നടന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു. 85 വയസ്സായിരുന്നു. കൊല്‍ക്കത്തയിലാണ് അന്ത്യം. ചാരുലത അടക്കം സത്യജിത്ത് റേയുടെ 14 സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചാറ്റര്‍ജി 2006ല്‍ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. പദ്മഭൂഷണ്‍ ജേതാവാണ്. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഒക്ടോബര്‍ ആറിനാണ് കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക്ക് ഹോസ്പിറ്റലില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.15ഓടെയാണ് അന്ത്യം.
സത്യജിത്ത് റേ സംവിധാനം ചെയ്ത അപുര്‍സന്‍സാര്‍ (1959) എന്ന അപുത്രയത്തിലെ മൂന്നാമത്തെയും അവസാനത്തേയും സിനിമയാണ് സൗമിത്ര ചാറ്റര്‍ജിയുടെ ആദ്യ സിനിമ. തുടര്‍ന്ന് തീന്‍ കന്യ, ചാരുലത, ദേബി, കാ പുരുഷ്, ആരണ്യേര്‍ ദിന്‍ രാത്രി, ജോയ് ബാബ ഫേലുനാഥ്, സോനാര്‍ കെല്ല, ആശാനി സങ്കേത്, ഖരേ ഭൈരേ, ഗണശത്രു തുടങ്ങിയ ശ്രദ്ധേയമായ റേ സിനിമകളില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മൃണാള്‍ സെന്നിന്റെ ആകാശ് കുസും പോലുള്ള നിരവധി ശ്രദ്ധേയ സിനിമകളിലും ചാറ്റര്‍ജി വേഷമിട്ടു.
ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ സാഹെബ് ഫാല്‍ക്കെ പുരസ്‌കാരവും സംഗീത് നാടത് അക്കാഡമി ടാഗോര്‍ രത്‌ന പുരസ്‌കാരവും ഫ്രഞ്ച് ഗവണ്‍മെന്റ് പരമോന്നത ബഹുമതികളിലൊന്നായ ലീജിയണ്‍ ഓഫ് ഓണര്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. 1989ല്‍ സത്യജിത്ത് റേയ്‌ക്കൊപ്പമാണ് സൗമിത്രയ്ക്കും ഫ്രഞ്ച് ഗവണ്‍മെന്റ് പുരസ്‌കാരം നല്‍കിയത്. സുമന്‍ ഘോഷ് സംവിധാനം ചെയ്ത പൊദൊഖേപ് എന്ന ബംഗാളി സിനിമയിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് 2006ല്‍ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത്. 2012ലാണ് ദാദ സാഹെബ് ഫാല്‍ക്കെ പുരസ്കാരം നേടിയത്.
1935 ജനുവരി 19ന് കല്‍ക്കട്ടയിലെ സിയാള്‍ഡയ്ക്ക് സമീപം മിര്‍സാപൂരിലാണ് സൗമിത്ര ചാറ്റര്‍ജി ജനിച്ചത്. കൃഷ്ണനഗറിലായിരുന്നു ബാല്യം. ഹൗറ സില്ല സ്‌കൂളിലും കല്‍ക്കട്ട സിറ്റി കോളേജിലും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം നേടി. സ്കൂള്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. കോളേജ് പഠനകാലത്താണ് തീയറ്റര്‍ രംഗത്ത് (നാടകം) സജീവമായത്. അനാരോഗ്യം മൂലം ചികിത്സയിലാകുന്നത് വരെ തീയറ്റര്‍ രംഗത്ത് അദ്ദേഹം സജീവമായിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയിലെ അനൗണ്‍സറായി പ്രവര്‍ത്തിക്കവേയാണ് അപുര്‍സന്‍സാറിലെ നായകനായി സൗമിത്ര ചാറ്റര്‍ജിയെ സത്യജിത്ത് തിരഞ്ഞെടുത്തത്. ഈ കൂട്ടുകെട്ടില്‍ നിരവധി മികച്ച സിനിമകള്‍ പുറത്തുവന്നു. ദീപ ചാറ്റര്‍ജിയാണ് ഭാര്യ.