ബെംഗളൂരു : ബിബിഎംപി പരിധിയിലെ സ്വകാര്യ ആശുപത്രികളിൽ കോവിഡ് കിടക്ക അനുവദിക്കുന്ന സംവിധാനത്തിൽ പഴുതടച്ച മാറ്റങ്ങൾക്കു നിർദേശം. ഇതിന്റെ ഭാഗമായി കോവിഡ് കിടക്ക അനുവദിച്ചാലുടൻ ഫോണിലൂടെ എസ്എംഎസായും ഐവിആർഎസായും (ഇന്ററാക്ടീവ് വോയിസ് റെസ്പോൺസ് സിസ്റ്റം) വിവരമറിയിക്കുന്ന സംവിധാനത്തിനു കഴിഞ്ഞ ദിവസം തുടക്കമിട്ടു.
സെൻട്രലൈസ്ഡ് ഹോസ്പിറ്റൽ ബെഡ് മാനേജ്മെന്റ് സിസ്റ്റം (സിഎച്ച്ബിഎംഎസ്) കൂടുതൽ കാര്യക്ഷമമാക്കാനായി കോവിഡ് വാർ റൂമിന്റെ ചുമതലയുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ വി.പൊന്നുരാജ് ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് നിർദേശങ്ങൾ മുന്നോട്ടുവെച്ചത്. ബിബിഎംപിയെയും സർക്കാരിനെയും വെട്ടിലാക്കി കിടക്ക തിരിമറി വിവാദം തുടരുന്നതിനിടെയാണിത്.
സ്വകാര്യ ആശുപത്രികളിലെ കിടക്ക, ഓക്സിജൻ, റെംഡിസിവിർ ലഭ്യത സംബന്ധിച്ച വിവരങ്ങളും സുവർണ ആരോഗ്യ സുരക്ഷാ ട്രസ്റ്റിന്റെ (എസ്എഎസ്ടി) പോർട്ടലിൽ ഉടൻ ലഭ്യമാക്കും. ഇവയുടെ ലഭ്യത സംബന്ധിച്ച് കൂടുതൽ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിതെന്ന് കോവിഡ് ദൗത്യ സേന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അശ്വത്ഥ നാരായണ പറഞ്ഞു.
സർക്കാർ ആശുപത്രികളിലെ കിടക്ക വിവരങ്ങളാണ് നിലവിൽ ഈ പോർട്ടലിലൂടെ അറിയാനാകുന്നത്. ബെംഗളൂരുവിൽ 7000-8000 കോവിഡ് കിടക്കകൾ വേണ്ടതുണ്ട്. 950 കിടക്കകൾ മാത്രമാണ് നിലവിൽ ഒഴിവുള്ളത്. ആർടിപിസിആർ പരിശോധനാ ഫലം 24 മണിക്കൂറിനകം ലഭ്യമാക്കാത്ത ലാബുകൾക്ക് സാമ്പിൾ ഒന്നിന് 150 രൂപ വീതം പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകൾക്കും തെർമോമീറ്റർ, പൾസ് ഓക്സിമീറ്റർ തുടങ്ങിയവയ്ക്കും എംആർപി വിലയിൽ കൂടുതൽ ഈടാക്കുന്നവർക്കെതിരെ 112 എന്ന ഹെൽപ്‍ലൈനിൽ പരാതിപ്പെടാം.