ബംഗളൂരു : ഹിന്ദുവാണെന്ന വ്യാജേന രാജ്യത്ത് 15 വര്‍ഷം താമസിച്ച ബംഗ്ലാദേശ് സ്വദേശിനി പിടിയില്‍. 27 കാരിയായ റോണി ബീഗമാണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 12-ാം വയസിലാണ് ഇവര്‍ അനധികൃതമായി രാജ്യത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് പായല്‍ ഘോഷ് എന്ന് പേരുമാറ്റി മുംബൈയിലെ ഡാന്‍സ് ബാറില്‍ ഡാന്‍സറായി പ്രവേശിച്ചു. ബംഗാളിയാണെന്നാണ് യുവതി എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിച്ചത്. അവിടെ നിന്ന് മംഗളൂരു സ്വദേശിയായ നിതിന്‍ കുമാറുമായി യുവതി പ്രണയത്തിലായി.
തുടര്‍ന്ന് 2019 ല്‍ നിതിനെ വിവാഹം കഴിച്ച് ഇവര്‍ ബംഗളൂരുവിലെ അഞ്ജന നഗറിലേക്ക് താമസം മാറി. മുംബൈയില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ സുഹൃത്തുക്കളുടെ സഹായത്തോടെ യുവതി പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും നേടി. ബംഗളൂരുവില്‍ ഡെലിവറി എക്‌സിക്യൂട്ടിവാണ് നിതിന്‍. അച്ഛന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് യുവതി ബംഗ്ലാദേശിലേക്ക് പോകാന്‍ ശ്രമിച്ചത്. കൊല്‍ക്കത്തയില്‍ നിന്നും ധാക്കയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ ബംഗ്ലാദേശ് സ്വദേശിയാണെന്ന് കണ്ടെത്തിയത്. മൂന്ന് മാസത്തെ തെരച്ചിലിനൊടുവിലാണ് യുവതിയെ പോലീസ് അറസ്റ്റ് ചെയ്തത്.