കൊച്ചി : മന്ത്രി കെ.ടി ജലീലില്‍ രാജ്യസുരക്ഷാ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി എന്ന് പരാതിപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജലീല്‍ ഫോണ്‍ വിളിച്ചതായുള്ള വിവരങ്ങള്‍ പുറത്തു വന്നത് നേരത്തെ വിവാദമായിരുന്നു. ഫോറിന്‍ കോണ്‍ട്രിബൂഷന്‍ റെഗുലേറ്ററി ആക്റ്റിന്റെ ലംഘനം മന്ത്രി നടത്തി എന്ന് ചൂണ്ടിക്കാട്ടിയാണ് ബെന്നി ബെഹനാന്‍ ഇപ്പോള്‍ മോദിക്ക് പരാതി നല്‍കിയിരിക്കുന്നത്.
യു.എ.ഇ കോണ്‍സല്‍ ജനറല്‍ സ്പോണ്‍സര്‍ ചെയ്ത അഞ്ചുലക്ഷം രൂപയുടെ കിറ്റിനായി കോണ്‍സല്‍ ജനറല്‍ തന്നെ വിളിച്ചതായും ആയിരം കിറ്റിനുള്ള പണം കണ്‍സ്യൂമര്‍ ഫെഡില്‍ അടച്ചതായും ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു. തന്നിഷ്ടപ്രകാരം സാമ്പത്തികമടക്കമുള്ള വിഷയങ്ങളില്‍ വിദേശരാജ്യങ്ങളുമായി നേരിട്ടിടപെട്ട മന്ത്രിക്കെതിരെ നടപടി എടുക്കണമെന്നാണ് ബെന്നി ബെഹനാന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഫെറ നിയമത്തിന്റെ ചട്ടം മൂന്ന് അനുസരിച്ച് നിയമനിര്‍മ്മാണ സഭാംഗങ്ങള്‍ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്. യു.എ.ഇ കോണ്‍സല്‍ ജനറലുമായി നേരിട്ട് ഇടപാടുകള്‍ നടത്തിയതും ചട്ടലംഘനമാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ് ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണെന്നും ബെന്നി ബെഹനാന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.