പത്തനംതിട്ട : പൊതു വിദ്യാഭ്യാസ വകുപ്പിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കരിയർ ഗൈഡൻസ് & കൗൺസലിംഗ് സെല്ലിന്റെ 2022 – 23 വർഷത്തെ സംസ്ഥാനത്തെ ബെസ്റ്റ് കരിയർ മാസ്റ്റർ അവാർഡിന് വെണ്ടാർ വിദ്യാധിരാജ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കൊമേഴ്സ് വിഭാഗം അധ്യാപകനും കരിയർ മാസ്റ്ററുമായ പി.എ.സജിമോൻ അർഹനായി. കേരളാ സർക്കാറിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസലിംഗ് സെല്ലിന്റെ നിർദ്ദേശാനുസരണമുള്ള വിവിധ പരിപാടികൾ സ്കൂൾതലത്തിലും സമൂഹത്തിലും വൈവിധ്യമായി നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ബെസ്റ്റ് കരിയർ മാസ്റ്റർ അവാർഡ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ 27 വർഷമായി സ്കൂളിലെ കോമേഴ്സ് അധ്യാപകനായും 17 വർഷം കരിയർ മാസ്റ്റർ മാസ്റ്റർ ആയും പ്രവർത്തിക്കുകയും സ്ക്കൂളിലും ജില്ല – സംസ്ഥാന തലങ്ങളിലും വിവിധ പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തിട്ടുണ്ട്.
കുട്ടികളുടെ മാനസിക പിരിമുറുക്കം ലഘൂകരിച്ച് പഠനം ആയാസരഹിതമാക്കുന്നതിനും വീടുകളിൽ നല്ല പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാതാപിതാക്കളെ പ്രാപ്തരാക്കുന്നതിനും പൊതു പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി വിവിധ പരിപാടികൾ നടപ്പിലാക്കി. പരീക്ഷാ കാലഘട്ടങ്ങളിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന ഓൺലൈൻ കൗൺസലിംഗ് സേവനങ്ങൾ നൽകി. ഹാപ്പി ലേണിങ്, പോസിറ്റീവ് പേരെന്റിംഗ്, പെൺകുട്ടികളെ ശാക്തീകരിക്കുന്ന ഷി – ക്യാമ്പ്, വിദ്യാഭ്യാസവും തൊഴിലവസരങ്ങളും കണ്ടെത്തുന്ന കരിയർ പ്ലാനിങ്, വിദ്യാർത്ഥികളിൽ നല്ല വ്യക്തിത്വവും ആശയവിനിമ ശേഷിയും ആത്മവിശ്വാസവും വർദ്ധിപ്പിക്കുന്ന ഇൻസൈറ്റ്, മികച്ച സംരംഭകരെ പരിചയപ്പെടുത്തുന്ന ഫേസ് റ്റു ഫേസ് പരിപാടി. മൈൻഡ് ഫുൾനസ്, കരിയർ ടോക്ക്, കരിയർ സെമിനാർ തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളായിരുന്നു.
ബാംഗ്ലൂർ നിംഹാൻസ് സീമാറ്റ് തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നു പരിശീലനം നേടിയിട്ടുണ്ട്. വ്യക്തിത്വ വികസനം, നേതൃത്വ പരിശീലനം, മോട്ടിവേഷൻ, ടിം വർക്ക് ബിൽഡിംങ് തുടങ്ങിയ വിഷയങ്ങളിൽ നൂറു കണക്കിന് ക്ലാസുകൾക്ക് നേതൃത്വം നൽകി. കേരള സർക്കാറിന്റെ സംസ്ഥാന അദ്ധ്യാപക അവാർഡ്, നാഷണൽ സർവ്വീസ് സ്കീം ബെസ്റ്റ് പ്രോഗ്രാം ഓഫീസർ അവാർഡ് എന്നിവയ്ക്ക് പിന്നാലെയാണ് പി.എ സജിമോൻ സംസ്ഥാന കരിയർ മാസ്റ്റർ അവാർഡ് നേടിയത്. ഇപ്പോൾ നാഷണൽ സർവ്വീസ് സ്കീം ജില്ല കോർഡിനേറ്ററായി പ്രവർത്തിക്കുന്ന പി.എ. സജിമോൻ തലവൂർ മഞ്ഞക്കാല സ്വദേശിയാണ്.