മനസ്സിന് കുളിർമ്മ നൽകുന്ന ഒന്നാണ് ഇൻഡോര്‍ ഗാർഡൻ. അതിലുപരി പോസിറ്റീവ് ഊർജ്ജം നൽകുന്ന ഒന്നാണ് ഗാർഡനിംങ് എന്ന കാര്യത്തിൽ സംശയം വേണ്ട. വീട്ടിൽ പോസിറ്റീവ് ഊർജ്ജം നൽകുന്നതിന് ഏതൊക്കെ ചെടികൾ ആണ് നമുക്ക് മികച്ചത് എന്ന് നോക്കാം.
—
സ്നേക്ക് പ്ലാന്റ്
സ്നേക്ക് പ്ലാന്റ് പലരുടേയും വീട്ടിലുണ്ടായിരിക്കും. അധികം ശ്രദ്ധിക്കാതെ തന്നെ ഈ ചെടി നിങ്ങൾക്ക് വീട്ടിൽ വളർത്താവുന്നതാണ്. ഇത് കാർബൺഡൈ ഓക്സൈഡിനെ ഓക്സിജനായി മാറ്റിയെടുക്കുന്നുണ്ട്. വായു ഫിൽട്ടർ ചെയ്യുന്ന ഒരു ചെടിയാണ് സ്നേക്ക് പ്ലാന്റ്. വല്ലപ്പോഴും മാത്രം വെള്ളമൊഴിച്ചാൽ മതി എന്നുള്ളത് തന്നെയാണ് സ്നേക്ക് പ്ലാന്റിന്റെ പ്രത്യേകതയും.
—
ഹാർട്ട്ലീഫ് ഫിലോഡെൻഡ്രോൺ
മികച്ച 10 ഇൻഡോർ ചെടികളുടെ കൂട്ടത്തിൽ ഏറ്റവും മികച്ച് നിൽക്കുന്നതാണ് ഈ ചെടി. ഇതിന്റെ ഇലകൾക്ക് ഹൃദയത്തിന്റെ ആകൃതിയാണ്. അൽപം പ്രകാശം, കുറച്ച് വെള്ളം എന്നിവയാണ് ഇതിന് ആവശ്യമുള്ളത്. ഇവയിലൂടെ തന്നെ വളരെ പെട്ടെന്ന് ഈ ചെടി വളരുന്നതാണ്.
ഇംഗ്ലീഷ് ഐവി
ഇംഗ്ലീഷ് ഐവി എന്ന ചെടി നിങ്ങൾക്ക് അധികം പരിചയമുണ്ടാവില്ല. എന്നാൽ കോവക്കയുടെ ഇലകൾ പോലെയുള്ള ഇലകളാണ് ഈ ചെടിയുടേത്. ഇവ മോശം വായു ശുദ്ധീകരിക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും വെള്ളമൊഴിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മിതമായ വെളിച്ചം ഈ ചെടിക്ക് വളരെ അത്യാവശ്യമാണ്.
—
ഗോൾഡൻ പോത്തോസ്
കാർബൺ മോണോക്സൈഡിനെ ഫിൽറ്റർ ചെയ്യുന്നതിന് ഏറ്റവും മികച്ചതാണ് ഗോൾഡൻ പോത്തോസ്. ഏത് സാഹചര്യത്തിലും നല്ലതുപോലെ വളരുന്നതാണ് ഈ ചെടി. ക്യൂബിക്കിൾ പ്ലാന്റ് എന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. ദിവസവും വെള്ളം ഒഴിക്കുന്നതിന് ശ്രദ്ധിക്കണം. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെക്കുന്നതിന് ശ്രദ്ധിക്കണം.
—
സ്പൈഡർ പ്ലാന്റ്
ശരിക്കും എട്ടുകാലിയുടേതിന് സമാനമാണ് ഈ ചെടി. ഇത് അന്തരീക്ഷത്തിലെ വിഷാംശത്തെ ആഗിരണം ചെയ്യുന്നുണ്ട്. ഇടക്കിടെ സൂര്യപ്രകാശവും വെള്ളവും എല്ലാം ആവശ്യമാണ്. ചെടി നന്നായി മുന്നോട്ട് വളർന്ന് കഴിഞ്ഞാൽ മിതമായ സൂര്യപ്രകാശം മാത്രമേ പാടുള്ളൂ എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.
—
ഗാർഡനിയ
ഗാർഡനിയ ചെടികൾ വീട്ടിനുള്ളിൽ വളർത്താവുന്നതാണ്. ഇത് പല വിധത്തിലുള്ള ആരോഗ്യഗുണങ്ങൾ നിങ്ങൾക്ക് നൽകാവുന്നതാണ്. മികച്ച ഉറക്കം നേടുന്നതിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ഗാർഡനിയ. നല്ലതുപോലെ സൂര്യപ്രകാശം വേണ്ട സ്ഥലത്താണ് ഇവ വളർത്തേണ്ടത്. വേരുറച്ച് കഴിഞ്ഞാൽ ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചാൽ മതി.