കൊച്ചി : മദ്യവിതരണത്തിനുള്ള ഓൺലൈൻ ടോക്കൺ സംവിധാനമായ ബെവ് ക്യൂ ആപ്പിൽ ഇന്നും സങ്കേതിക പ്രശ്നങ്ങൾ. രജിസ്ട്രേഷനുള്ള ഒടിപി കിട്ടാത്തതായിരുന്നു ഇന്നലെ വരെയുള്ള പ്രശ്നം. രാത്രിയോടെ മൂന്ന് പുതിയ ഒടിപി സേവനദാതാക്കളെ കണ്ടെത്തി പ്രശ്നം പരിഹരിച്ചതായി കമ്പനി അറിയിച്ചെങ്കിലും ഇന്ന് രാവിലെ ആപ്പിൽ വീണ്ടും സാങ്കേതിക പ്രശ്നമുണ്ടാവുകയായിരുന്നു.
രാവിലെ മദ്യം ബുക്ക് ചെയ്യാൻ ശ്രമിച്ച പലർക്കും ഒടിപി കിട്ടുകയോ രജിസ്ട്രേഷൻ പൂർത്തിയാക്കാനോ പറ്റിയില്ല. ഒൻപത് മണിയ്ക്ക് ശേഷം ബുക്ക് ചെയ്യാൻ ശ്രമിച്ചവർക്ക് പുലർച്ചെ 3.35 മുതൽ 9 വരെയുള്ള സമയത്തേ ബുക്കിംഗ് നടത്താനാവു എന്ന സന്ദേശമാണ് ലഭിച്ചത്. അതേസമയം ഇന്നത്തേക്ക് മദ്യം വാങ്ങാനായി 15 ലക്ഷത്തോളം പേർ ബുക്കിംഗ് നടത്തിയെന്നാണ് ഫെയർകോഡ് കമ്പനി അറിയിച്ചത്. ബാർകോഡ് പരിശോധിക്കാനുള്ള സംവിധാനം ലഭ്യമല്ലാത്തതിനാൽ പലയിടത്തും ഇന്ന് ബാർകോഡ് രേഖപ്പെടുത്തി മദ്യം നൽകുകയാണ്. സമയത്തിന് മദ്യം കിട്ടാതെ വന്നവർ ബഹളം വെച്ചതോടെ ഇന്നലെ സർവ്വത്ര ആശയക്കുഴപ്പമാണ് മദ്യവിൽപ്പന ശാലകളിലുണ്ടായത്. ബാറുകളിൽ പലയിടത്തും മൊബൈൽ ആപ്പ് പ്രവർത്തന രഹിതമായിരുന്നു . ബെവ്കോ ഔട്ട്ലെറ്റുകളിൽ ലോഗിനും ഐഡിയും പാസ് വേഡും കിട്ടിയില്ല. ആളുകളുടെ നിരകൂടിയതോടെ സാമൂഹ്യ അകലത്തിനായി പലയിടത്തും പോലീസ് ഇടപെട്ടു. കാര്യം നടക്കാൻ ഒടുവിൽ ക്യൂ ആർ കോഡ് സ്കാൻ ചെയ്യാതെ തന്നെ മദ്യ വിതരണം തുടങ്ങി.