കൊച്ചി : റേഷന്‍ വാങ്ങാനും പെന്‍ഷന്‍ വാങ്ങാനും ആപ്പ് വേണ്ടാത്ത കേരളത്തില്‍ മദ്യം വാങ്ങാന്‍ ആപ്പ് വേണമെന്ന് ആര്‍ക്കൊക്കെയോ നിര്‍ബന്ധം. ഒരു പരസ്യവും ഇല്ലാതെ പ്രതിദിനം ലക്ഷക്കണക്കിന് കുപ്പികള്‍ വിറ്റുപോകുന്ന മേഖല ആരും കൊതിച്ചുപോകും. ശര്‍ക്കരക്കുടത്തില്‍ കയ്യിട്ടാല്‍ നക്കുമെന്ന് പഴമൊഴിയുണ്ട്, ഇതിന്റെ രുചി മനസ്സിലാക്കിയവര്‍ അടുത്ത കൈമുക്കിയത് തേന്‍ കുടത്തിലാണ്. അതിപ്പോ ആപ്പിലുമായി.
പ്രതിപക്ഷം ആരോപണം ഉന്നയിച്ചത് ഒരുപക്ഷെ രാഷ്ട്രീയ പ്രേരിതമാണെന്നു പറയാം. എന്നാല്‍ ഇപ്പോള്‍ ജനങ്ങള്‍ ഒന്നടങ്കം പറയുന്നു ഇതൊരു അഴിമതി ആപ്പാണെന്ന്. കള്ള് വാങ്ങാന്‍ എന്തിനാണ് ആപ്പെന്നാണ് അവരുടെ ചോദ്യം, ക്ഷമയോടെ പൊരിവെയിലത്ത് മണിക്കൂറുകളോളം ക്യു നിന്ന പരിചയം, അതും കിലോമീറ്ററുകള്‍ നീളത്തില്‍. ക്ഷമയും സഹനശക്തിയും നന്നായി ഉള്ളവരെ ആപ്പ് പിടിപ്പിച്ച് കുഴപ്പത്തിലാക്കി എന്നാണ് അവര്‍ പറയുന്നത്.
എന്തായാലും അപ്പ് ഉണ്ടാക്കാന്‍ ഓര്‍ഡര്‍ കൊടുത്തപ്പോഴേ ആര്‍ക്കൊക്കെയോ നാരങ്ങാവെള്ളം കുടിക്കാന്‍ അവസരവും വന്നിട്ടുണ്ട്. ഇല്ലെങ്കില്‍ യാതൊരു മുന്‍ പരിചയവും ഇല്ലാത്ത ഈ കമ്പിനിക്ക് ഇത്രയധികം തിരക്ക് ഉണ്ടാകുന്ന ഒരു ആപ്പ് നിര്‍മ്മിക്കുവാന്‍ അവസരം ലഭിക്കുമോ?. തുടക്കം ഗംഭീരമായിരുന്നു. തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസം – ശങ്കര്‍ സിമന്റ് പോലെ …..പാമ്പന്‍ പാലം പോലെ ….എത്രപേര്‍ ഒരുമിച്ച് കയറിയാലും ആപ്പ് താങ്ങും, ആര്‍ക്കും നുഴഞ്ഞു കയറുവാന്‍ പറ്റില്ല, എന്നൊക്കെ. അങ്ങനെ ആപ്പുണ്ടാക്കിയ കമ്പിനിക്കും അതേല്‍പ്പിച്ച സാറന്‍മാര്‍ക്കും പെരുത്ത വിശ്വാസം. കള്ളുകുടിയന്മാരുടെ വിശ്വാസം ആര്‍ക്കുവേണം ….
തുടക്കത്തിലെ അപശകുനമായിരുന്നു. സമയത്തിന് ആപ്പ് തീര്‍ന്നില്ല, ഗൂഗിളും ഒന്നുരുട്ടി, മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. എല്ലാം കഴിഞ്ഞപ്പോള്‍ പറഞ്ഞ സമയത്ത് പ്ലേ സ്റ്റോറില്‍ ആപ്പ് കെട്ടിവെക്കാന്‍ കഴിഞ്ഞില്ല. കുടിയന്മാരുടെ തെറിവിളിയും ശാപവും അതിന് ഒരു ഫുള്‍ സ്റ്റോപ്പും ഉണ്ടാകുന്നില്ല. ഉറക്കമൊഴിച്ച് ആപ്പില്‍ കേറിയാല്‍ ഒ.റ്റി.പി കിട്ടില്ല, ഇത് കിട്ടിയാലും മദ്യം കിട്ടില്ല. ചെല്ലാന്‍ പറഞ്ഞ ബാറില്‍ എത്തിയാല്‍ അവിടെ സ്റ്റോക്കില്ല. ആപ്പിനെക്കൊണ്ട് സഹികെട്ട ചില ബാറുടമകള്‍ ആപ്പ് ഊരിയെറിഞ്ഞു. ക്യു.ആര്‍ കോഡും ഒ.റ്റി.പിയും ഇല്ലാതെതന്നെ മദ്യം കൊടുത്തു. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് തന്റെ തിരുവനന്തപുരത്തെ ബാറില്‍ വന്നവര്‍ക്കൊക്കെ മദ്യം നല്‍കി.
ആപ്പ് ഇറങ്ങാന്‍ താമസിച്ചപ്പോള്‍ ചില വിരുതന്മാര്‍ വ്യാജനും നിര്‍മ്മിച്ചു വിട്ടൂ. ഒറിജിനലും വ്യാജനും തമ്മില്‍ മിക്കവര്‍ക്കും തെറ്റി. ഇപ്പോള്‍ വ്യാജന്റെ ഉറവിടം അന്വേഷിക്കുകയാണ് അധികൃതര്‍. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ പറക്കുകയാണ്.