തിരുവനന്തപുരം : ബെവ്‌കോ ഹോം ഡെലിവറിയ്ക്ക് അടുത്തയാഴ്ച തുടക്കമാകും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരത്തും എറണാകുളത്തും നടപ്പാക്കും. വിശദ റിപ്പോര്‍ട്ട് ഈ ആഴ്ച തന്നെ സര്‍ക്കാരിനു കൈമാറിയേക്കും. കോവിഡ് രണ്ടാംവരവ് കടുത്തതോടെയാണ് ഹോം ഡെലിവറിയുടെ സാധ്യതകള്‍ ബെവ്‌റിജസ് കോര്‍പ്പറേഷന്‍ പരിശോധിച്ചത്. ആവശ്യക്കാര്‍ക്ക് മദ്യം ബെവ്‌കോ തന്നെ വീട്ടിലെത്തിക്കണമോ അതോ സ്വകാര്യ സേവന കമ്പനികളെ ആശ്രയിക്കണമോ എന്ന കാര്യത്തിലും ഉടന്‍ തീരുമാനമുണ്ടാകും.
പ്രീമിയം ബ്രാന്‍ഡുകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോം ഡെലിവറിയില്‍ ഉള്‍പ്പെടുത്തുക. ഹോം ഡെലവറിയ്ക്ക് പ്രത്യേക സര്‍വീസ് ചാര്‍ജുണ്ടായിരിക്കും. എത്ര രൂപ എന്ന കാര്യം ഇതിന്റെ ചെലവു കൂടി കണക്കാക്കിയായിരിക്കും തീരുമാനിക്കുക. എറണാകുളത്തും തിരുവനന്തപുരത്തും ആരംഭിക്കുന്ന ആദ്യഘട്ടത്തിന് ശേഷമായിരിക്കും മാറ്റങ്ങള്‍ വേണോയെന്നുള്ള തീരുമാനം. സാധ്യതകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനായി ബവ്‌കോ എം.ഡി യോഗേഷ് ഗുപ്ത ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു ശേഷം സര്‍ക്കാരിനു ശുപാര്‍ശ നല്‍കും. എന്നാല്‍ ബവ്ക്യൂ ആപ് തിരിച്ചുകൊണ്ടു വരേണ്ടെന്നാണ് നിലവില്‍ തീരുമാനം.