തിരുവനന്തപുരം: ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ സരിതാ നായര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ഥിയാണ്. ഓലത്താന്നി സ്വദേശി അരുണിന്റെ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസാണ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത് പലതവണയായി പണം തട്ടിയെടുത്തെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
കേസിലെ ഒന്നാം പ്രതി കുന്നത്തുകാല്‍ പഞ്ചായത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രതീഷ് പണം വാങ്ങിയതെന്നാണ് പരാതിയില്‍ പറയുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് . നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച ഷാജു പാലിയോടാണ് മൂന്നാം പ്രതി. ബെവ്‌കോയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയതിനു ശേഷം വ്യാജ നിയമന ഉത്തരവ് നല്‍കിയെന്നും പരാതിയില്‍ അരുണ്‍ ആരോപിക്കുന്നുണ്ട്. ജോലിയില്‍ പ്രവേശിക്കാന്‍ എത്തിയപ്പോഴാണ് ഉത്തരവ് വ്യാജമാണെന്നു മനസിലായത്. ഇതിനെ തുടര്‍ന്നാണ് അരുണ്‍ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.
ഒന്നാം പ്രതിയായ രതീഷ് പത്തുലക്ഷം രൂപയാണ് കൈപ്പറ്റിയത്. ബാക്കി ഒരു ലക്ഷം രൂപ രണ്ടാം പ്രതിയായ സരിതാ നായര്‍ക്ക് നല്‍കിയെന്നും പരാതിയില്‍ പറയുന്നു. സരിതയുടെ തിരുനെല്‍വേലി മഹേന്ദ്രഗിരിയിലെ എസ്.ബി.ഐ.യിലെ അക്കൗണ്ട് നമ്പരിലാണ് പണം കൈമാറിയത്.
ജോലി ഉറപ്പായി ലഭിക്കുമെന്ന് സരിതാ നായര്‍ അരുണിനെ ഫോണില്‍ വിളിച്ച് അറിയിക്കുന്നതിന്റെ ശബ്ദരേഖയും പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു. തിരുനെല്‍വേലിയിലെ അക്കൗണ്ട് നമ്പര്‍ സരിതയുടേതാണെന്ന് കണ്ടെത്തിയതായി സി.ഐ. ശ്രീകുമാരന്‍നായര്‍ വ്യക്തമാക്കി.