തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ മദ്യക്കടയിൽ നിന്ന് ബാങ്കിലടച്ച തുകയിൽ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടിലേക്ക്. സംഭവം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതർ അന്വേഷിച്ചെത്തിയപ്പോൾ പണം മുഴുവൻ ചെലവഴിച്ച സ്ത്രീ കൈമലർത്തി. സംഭവത്തിൽ ബാങ്ക് അധികൃതർ വട്ടിയൂർക്കാവ് പോലീസിനു പരാതി നൽകി. ബിവറേജസ് കോർപ്പറേഷന്റെ നെട്ടയം മുക്കോലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലറ്റിന്റെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയിൽ നിന്ന് ആളുമാറി ക്രെഡിറ്റ് ചെയ്തത്.
പണം നഷ്ടമായ വിവരം മാർച്ച് 18നാണ് ബാങ്ക് അധികൃതർ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയിൽ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം പോയതായി കണ്ടെത്തി. ബാങ്ക് അധികൃതർ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാൽ തിരിച്ചുപിടിക്കാൻ സാധിച്ചില്ല. തുടർന്നാണ് പരാതി നല്കിയത്. പണം പൂർണ്ണമായും ചെലവഴിച്ചതായാണ് സ്ത്രീ പോലീസിനോടു പറഞ്ഞത്.