കൊച്ചി : ബെവ് ക്യു അപ്പിൽ പുതിയ പരിഷ്‌കാരം. ബുക്കിംഗ് ദൂര പരിധി അഞ്ച് കിലോമീറ്ററാക്കി ചുരുക്കി. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് 5 കിലോമീറ്റർ പരിധിയിലുള്ള ഷോപ്പുകളിൽ നിന്ന് ടോക്കൺ നൽകും. ടോക്കൺ കഴിഞ്ഞാൽ 10 കിലോമീറ്റർ ചുറ്റളവിൽ നൽകും.
നേരത്തെ മദ്യം ബുക്ക് ചെയ്യുന്ന ആൾ നൽകുന്ന പിൻകോഡിന് ഇരുപതു കിലോമീറ്റർ ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കൺ ലഭ്യമായിരുന്നത്. ഇത് പലർക്കും ബുദ്ധിമുട്ടായിരുന്നു. ആദ്യം ബുക്കു ചെയ്യുന്നവർക്ക് പിൻകോഡിനു സമീപത്തെ മദ്യശാലകളിലേക്ക് ടോക്കൺ ലഭ്യമാക്കാനുള്ള സൗകര്യം ഉടൻ ഏർപ്പെടുത്തും. ഉപഭോക്താക്കൾക്ക് മദ്യശാലകൾ തെരഞ്ഞെടുക്കാൻ രണ്ടു രീതിയാണ് കെഎസ്ബിസി ആവശ്യപ്പെട്ടിരുന്നത്. ഇതിൽ ഒരാവശ്യമാണ് ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.
തീയതിയും മദ്യശാലകളും ജില്ല അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പിൽ വേണമെന്ന് കെഎസ്ബിസി ആവശ്യപ്പെട്ടിരുന്നു. ഇത് ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. എന്നു മുതൽ ഈ സൗകര്യം ഏർപ്പെടുത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് ബെവ്കോയാണ്. ടോക്കണുകളിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്യുന്നതിനുള്ള സൗകര്യവും ആയിട്ടില്ല. ഇത് പൂർണ തോതിൽ പ്രവർത്തനം ആരംഭിക്കുന്നതു വരെ ഓരോ കടകളിലും ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ബെവ്കോ നൽകും. ഒരോ മണിക്കൂറിലും എത്ര പേർ ബുക്ക് ചെയ്തു, എല്ലാ കടകളിലും കൃത്യമായ ബുക്കിംഗ് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ലഭിക്കുന്നതിനുള്ള മാറ്റങ്ങളും സോഫ്റ്റ് വെയറിൽ വരുത്തുന്നുണ്ട്.