ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റായ ഭാരത് ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഭാരത് എൻസിഎപി) ഓഗസ്റ്റ് 22 നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചത്. ഈ നിയമം 2023 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. ആദ്യ ബാച്ച് പരീക്ഷിക്കുന്നതിനുള്ള ഒരുക്കങ്ങളും പൂർത്തിയായി. ഇത് ഇന്ത്യയുടെ സ്വന്തം ക്രാഷ് ടെസ്റ്റ് സുരക്ഷാ പദ്ധതിയാണ്. ഏത് വാഹനമാണ് റോഡിൽ സുരക്ഷിതം എന്ന് കണ്ടെത്തുന്നതിനാണ് ഈ ടെസ്റ്റ്. ആദ്യ ബാച്ചിലെ വാഹനങ്ങളുടെ ക്രാഷ് ടെസ്റ്റ് ഡിസംബർ 15 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉത്സവ സീസണായതാണ് ഈ ക്രാഷ് ടെസ്റ്റ് വൈകാൻ കാരണമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആദ്യ ബാച്ചിലേക്ക് ചില വാഹനങ്ങളും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഈ പരിശോധനയ്ക്ക് ശേഷം വാഹനങ്ങളിൽ ഒരു പ്രത്യേക സ്റ്റിക്കർ ഒട്ടിക്കും. അതിൽ അവയുടെ പ്രകടനത്തെ അടിസ്ഥാനമാക്കി നക്ഷത്ര റേറ്റിംഗ് നൽകുകയും പോയിന്റുകളും കാണിക്കുകയും ചെയ്യും.
വാഹന നിർമ്മാതാക്കൾ അവരുടെ വാഹനങ്ങൾക്ക് പരിശോധനയുടെ അടിസ്ഥാനത്തിൽ സുരക്ഷാ റേറ്റിംഗ് നൽകും. ഇത് കാർ വാങ്ങുന്നവർക്ക് വാഹനം തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കും. ഇതിനായി പുതിയ ലോഗോയും സ്റ്റിക്കറും പുറത്തിറക്കിയിട്ടുണ്ട്. അത് ഇനി ഇന്ത്യൻ കാറുകളിൽ കാണാം. 3.5 ടണ്ണിൽ താഴെ ഭാരമുള്ള രാജ്യത്ത് നിർമ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ ‘M1’ വിഭാഗം അംഗീകൃത മോട്ടോർ വാഹനങ്ങൾക്ക് ഇത് ബാധകമാകും. എം1 വിഭാഗത്തിലുള്ള മോട്ടോർ വാഹനങ്ങൾ യാത്രക്കാരുടെ ഗതാഗതത്തിനായി ഉപയോഗിക്കുന്നു. ഡ്രൈവർ സീറ്റിന് പുറമെ പരമാവധി എട്ട് സീറ്റുകൾ ഈ വാഹനത്തിൽ ഉണ്ടാകും. തുടക്കത്തിൽ വാഹന നിർമ്മാതാക്കളെ അവരുടെ വാഹനങ്ങളുടെ സാമ്പിളുകൾ ക്രാഷ് ടെസ്റ്റിംഗിനായി അയയ്ക്കാൻ പ്രോത്സാഹിപ്പിക്കും.
അതിനാൽ ഏജൻസിക്ക് ആ വാഹനങ്ങൾ പരിശോധിക്കാനും റേറ്റിംഗ് നൽകാനും കഴിയും. ഇതുകൂടാതെ ഏജൻസിക്ക് ഷോറൂമിൽ നിന്ന് നേരിട്ട് വാഹനങ്ങൾ എടുക്കാനും അവ ക്രാഷ് ടെസ്റ്റ് ചെയ്യാനും കഴിയും. പുതിയ നയം പ്രാദേശിക വാഹന നിർമ്മാതാക്കൾക്കും ഗുണം ചെയ്യും. കാരണം അവരുടെ സാമ്പിളുകൾ ഇനി വിദേശത്തേക്ക് ടെസ്റ്റിംഗിനും സ്റ്റാർ ഗ്രേഡിംഗിനും അയയ്‌ക്കേണ്ടതില്ല. ഈ ഏജൻസി സിഎൻജി, ഇലക്ട്രിക് കാറുകളും പരീക്ഷിക്കും. ഭാരത് എൻസിഎപി ക്രാഷ് ടെസ്റ്റിനായി ഇതുവരെ 30 കാറുകളുടെ ക്രാഷ് ടെസ്റ്റിംഗിനുള്ള അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. അതേസമയം ക്രാഷ് ടെസ്റ്റ് ചെയ്യേണ്ട വാഹനങ്ങളുടെ പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിവിധ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ക്രാഷ് ടെസ്റ്റിന് നാമനിർദ്ദേശം സമർപ്പിച്ച ആദ്യത്തെ കമ്പനിയാണ് ടാറ്റ മോട്ടോഴ്‌സ്.
ടാറ്റ അടുത്തിടെ പുറത്തിറക്കിയ ടാറ്റ സഫാരിയും ഹാരിയർ ഫെയ്സ്ലിഫ്റ്റും ഈ പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യത്തെ വാഹനങ്ങളായിരിക്കാം. മാരുതി സുസുക്കി, ഹ്യുണ്ടായ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവയും തങ്ങളുടെ വാഹനങ്ങൾ ഈ ക്രാഷ് ടെസ്റ്റിന് അയയ്ക്കും. യൂറോപ്യൻ കാർ നിർമ്മാതാക്കളായ സ്‌കോഡ, ഫോക്സ്വാഗൺ, റെനോ തുടങ്ങിയവ തങ്ങളുടെ വാഹനങ്ങളെ ടെസ്റ്റിന് അയയ്ക്കാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്‌കോഡയുടെയും ഫോക്സ്വാഗന്റെയും ചില കാറുകൾക്ക് ഗ്ലോബൽ എൻസിഎപിയിൽ അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഹ്യൂണ്ടായ് അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായ് എക്സ്റ്ററും ഉടൻ തന്നെ ഇന്ത്യ എൻസിഎപി ക്രാഷ് ടെസ്റ്റിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇതിന് പുറമെ മാരുതി ജിംനിയുടെ ക്രാഷ് ടെസ്റ്റിനും വാഹനപ്രേമികൾ കാത്തിരിക്കുകയാണ്.