പുതുതായി ഒരു കാര്‍ വാങ്ങുമ്പോള്‍ ഇന്ന് ആളുകള്‍ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ് സേഫ്റ്റി എങ്ങനെയെന്നത്. ക്രാഷ് ടെസ്റ്റില്‍ ഓരോ കാറുകള്‍ നേടുന്ന സേഫ്റ്റി റേറ്റിംഗിനെ അടിസ്ഥാനപ്പെടുത്തി ഓരോന്നും എത്രത്തോളം സുരക്ഷിതമാണെന്ന് വിലയിരുത്തുന്ന രീതിയാണിപ്പോള്‍. ഇതുവരെ ഗ്ലോബല്‍ NCAP-ന്റെ ‘ഇടിപ്പരീക്ഷ’യിലെ സ്‌കോര്‍ നോക്കി കാര്‍ വാങ്ങിയിരുന്ന ഇന്ത്യന്‍ ജനതക്ക് സ്വന്തമായി ഒന്ന് വരാന്‍ പോകുകയാണെന്ന കാര്യം എല്ലാവരും അറിഞ്ഞിട്ടുണ്ടാകും. ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാമിന് (ഭാരത് NCAP) കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നാളെ (ഓഗസ്റ്റ് 22) ഔദ്യോഗികമായി സമാരംഭം കുറിക്കുകയാണ്. ഭാരത് NCAP-ലൂടെ രാജ്യം റോഡ് സുരക്ഷയില്‍ സമൂലമായ പരിവര്‍ത്തനത്തിന് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. 3.5 ടണ്‍ വരെ ഭാരമുള്ള മോട്ടോര്‍ വാഹനങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാനും അതുവഴി ഇന്ത്യന്‍ റോഡുകള്‍ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ സര്‍ക്കാര്‍ സംരംഭം.
3.5 ടണ്ണില്‍ താഴെ ഭാരമുള്ള M1 വിഭാഗത്തിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് NCAP ബാധകമാകുമെന്ന് ജൂണില്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു. M1 വിഭാഗത്തില്‍ പരമാവധി 3.5 ടണ്‍ ഭാരമുള്ള 8 സീറ്റ് വരെയുള്ള കാറുകളായിരിക്കും ക്രാഷ് ടെസ്റ്റ് നടത്താനാവുക. ഭാരത് NCAP നിലവില്‍ വരുന്നതോടെ ഇന്ത്യന്‍ വാഹനങ്ങള്‍ ഇവിടെ തന്നെ പരീക്ഷിക്കുന്നതിലേക്ക് രാജ്യത്തെ വാഹന ഒരു പടികൂടി അടുക്കുകയാണ്. ഭാരത് NCAP-ന് കീഴില്‍ വിപണിയില്‍ ലഭ്യമായ വാഹനങ്ങളുടെ ക്രാഷ് സേഫ്റ്റിയെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. ഇതുവഴി ഇന്ന് സുരക്ഷക്ക് പ്രാധാന്യം നല്‍കാണും ഭൂരിഭാഗം കസ്റ്റമേഴ്‌സിനും മതിയായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കാര്‍ തെരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കുന്നു.
കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ തങ്ങളുടെ വാഹനങ്ങള്‍ സമഗ്രമായ ക്രാഷ് ടെസ്റ്റിംഗിനായി സമര്‍പ്പിക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. ഇത് കര്‍ശനമായ ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേര്‍ഡ് (AIS) 197 അനുസരിച്ച് നടത്തുന്നു. ഈ സമഗ്രമായ പരിശോധനകള്‍ക്ക് ശഷം മുതിര്‍ന്നവര്‍ക്കുള്ള സംരക്ഷണത്തിനും (AOP) കുട്ടികളുടെ (COP) സംരക്ഷണത്തിനും കാറുകള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കും. ഈ സ്റ്റാര്‍ റേറ്റിംഗ് നോക്കി ഉപഭോക്താക്കള്‍ക്ക് വിപണിയില വാഹനങ്ങള്‍ താരതമ്യം ചെയ്യാനും ഏറ്റവും സുരക്ഷിതമായ കാര്‍ വാങ്ങാനും അവസരമൊരുങ്ങും. ഇന്ത്യയിലെ കാര്‍ ഉപഭോക്താക്കള്‍ അടുത്ത കാലത്തായി സുരക്ഷക്ക് വലിയ പ്രാധാന്യമാണ് കൊടുക്കുന്നത്. ഇതിന് അടിവരയിടുന്നത് കൂടിയാണ് അധികൃതരുടെ ഈ നീക്കം.