പത്തനംതിട്ട : കോവിഡ് വരുത്തിവെച്ച രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം
സന്നിധാനത്തെ ഭസ്മക്കുളം സജീവമായി. ധാരാളം ഭക്തജനങ്ങളാണ് തൊഴുതു കഴിഞ്ഞശേഷം കുളിക്കാനും ആചാരത്തിന്റെ ഭാഗമായും
ഭസ്മകുളത്തിലേക്ക് എത്തുന്നത്. പതിനെട്ടാംപടി കയറി അയ്യപ്പനെയും മാളികപ്പുറത്തമ്മയേയും തൊഴുതശേഷം ആണ് ഭക്തര്‍ ഇവിടേക്ക് എത്തുക. സോപ്പോ എണ്ണയോ ഉപയോഗിക്കാതെ ഭസ്മക്കുളത്തില്‍ കുളിച്ചശേഷം തിരികെ പോയി നെയ്യഭിഷേകം നടത്തുന്നവര്‍ ഒട്ടേറെയാണ്.
ശബരിമലയില്‍ ശയനപ്രദക്ഷിണം നേര്‍ച്ചയുള്ളവരും ഭസ്മ ക്കുളത്തിലെ സ്‌നാനത്തിന് ശേഷം നേര്‍ച്ച നിര്‍വഹിക്കാനായി പോകുന്നു. ഭസ്മക്കുളത്തിലെ വെള്ളം ഓരോ മണിക്കൂര്‍ ഇടവിട്ട് മാറ്റാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കുളത്തിന് ചുറ്റിലുമായി ഉരല്‍കുഴിയില്‍ നിന്നുള്ള ശുദ്ധമായ തെളിവെള്ളം ഒഴുകിയെത്തുന്ന ഓവുചാല്‍ സംവിധാനവുമുണ്ട്. ഓരോ മണിക്കൂര്‍ ഇടവിട്ടു കുളത്തിലെ വെള്ളം ഒഴുക്കിക്കളയുകയും ടാങ്കില്‍ നിന്ന് പുതിയ വെള്ളം നിറക്കുകയും ചെയ്യുന്നു.
ശരീരമാസകലം ഭസ്മം പൂശി സ്‌നാനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ ഭസ്മ കുളത്തിലെ പതിവുകാഴ്ചയാണ്. ഭക്തരില്‍ ചിലരെങ്കിലും വസ്ത്രങ്ങളും മറ്റും കുളത്തില്‍ ഉപേക്ഷിക്കുന്ന തെറ്റായ പ്രവണതയുണ്ടെന്നും ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നും ഇവിടെ സുരക്ഷാ ജോലിയിലുള്ള പോലീസുകാര്‍ അഭ്യര്‍ഥിക്കുന്നു. ഒരേസമയം മൂന്ന് പൊലീസുകാരും അഞ്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ജീവനക്കാരും ഇവിടെയുണ്ട്. കൂടാതെ അഞ്ച് ലൈഫ്‌ബോയ് ട്യൂബുകള്‍, 10 ലൈഫ് ജാക്കറ്റുകള്‍, സ്ട്രക്ചര്‍ എന്നിവയും സുരക്ഷക്കായി ഒരുക്കിയിട്ടുണ്ട്.
ഭസ്മക്കുളത്തില്‍നിന്ന് കുളിച്ചു വരുന്നവരെ കാത്ത് കുളത്തിന് ഇടതുവശം 81-കാരനായ തമിഴ്‌നാട് സ്വദേശി കാത്തവരായന്‍ കാത്തുനില്‍പ്പുണ്ട്. കാത്തവരായന്‍ നല്‍കുന്ന ഭസ്മവും കുങ്കുമവും ചന്ദനവും കളഭവും പൂശി, കണ്ണാടി നോക്കി ക്ഷേത്ര സന്നിധിയിലേക്ക് മടങ്ങിപ്പോകുന്നവര്‍ ഭസ്മക്കുളത്തില്‍ നിന്നുള്ള ചേതോഹര കാഴ്ച്ചയാണ്.