ലഖ്‌നൗ: ഹാഥ്‌റസ് ദുരന്തമുണ്ടായത് ഭോലേ ബാബയുടെ കാലിനടിയിലെ മണ്ണ് ശേഖരിക്കാൻ ആളുകൾ തിരക്ക് കൂട്ടിയപ്പോഴാണെന്ന വാദങ്ങൾ തള്ളി അഭിഭാഷകൻ. ഭോലേ ബാബയെന്ന നാരായൺ ഹരിയുടെ കാലിൽ തൊട്ട് വന്ദിക്കാൻ അദ്ദേഹം ആരെയും അനുവദിച്ചിരുന്നില്ലെന്നും ആരോ കരുതിക്കൂട്ടി ഉണ്ടാക്കിയ അപകടമാണിതെന്നുമാണ് ഇയാളുടെ അഭിഭാഷകൻ എപി സിങ് പറയുന്നത്. “ഹാഥ്‌റസ് ദുരന്തത്തിൽ തീർച്ചയായും ഗൂഢാലോചന നടന്നിട്ടുണ്ട്. ചടങ്ങിന് ശേഷം നാരായൺ ഹരി മടങ്ങിയപ്പോൾ എന്താണെന്ന് നിർവചിക്കാനാവാത്ത വിധം അവിടെ എന്തോ ഒന്ന് സംഭവിച്ചു. എന്താണ് നടക്കുന്നതെന്ന് സംഘാടകർക്കോ ചടങ്ങിൽ പങ്കെടുത്തവർക്കോ മനസ്സിലാകുന്നുണ്ടായിരുന്നില്ല. കൃത്യമായ പ്ലാനിംഗോട് കൂടിയാണ് അപകടം നടന്നിരിക്കുന്നത്. സാമൂഹ്യവിരുദ്ധരാണ് അപകടമുണ്ടാവാൻ കാരണം. വിശദമായ അന്വേഷണം നടത്തി ഇതിന് പിന്നിൽ ആരാണെന്ന് കണ്ടു പിടിക്കണം.
ഭോലേ ബാബയുടെ ഭാഗത്ത് നിന്ന് എല്ലാ സഹകരണവും അന്വേഷണ സംഘത്തിനുണ്ടാകും. നാരായൺ ഹരി ഭക്തരെ തന്റെ കാല് തൊട്ട് വണങ്ങാൻ അനുവദിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാലിനടിയിലെ മണ്ണ് എടുക്കാനാണ് ഭക്തർ തിരക്ക് കൂട്ടിയതെന്നുള്ള വാദങ്ങൾ എങ്ങനെ അംഗീകരിക്കും? അത്തരമൊരു വാദം ശരിവയ്ക്കുന്ന വീഡിയോയോ മറ്റ് തെളിവുകളോ ലഭിച്ചിട്ടില്ല”- എപി സിങ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇന്നലെ സംഭവത്തിൽ പ്രതികരണവുമായി ഭോലേ ബാബയെന്ന സൂരജ്പാൽ സിങും രംഗത്തെത്തിയിരുന്നു. അപകടം നടക്കുന്നതിനും ഏറെ മുമ്പ് തന്നെ താൻ വേദിവിട്ടിരുന്നെന്നായിരുന്നു കത്തിലൂടെ ഇയാളുടെ പ്രതികരണം. അപകടത്തിന്റെ കാരണം സാമൂഹ്യ വിരുദ്ധരാണെന്നും ഇയാൾ ആരോപിച്ചിരുന്നു. നിലവിൽ ഒളിവിലാണ് സൂരജ്പാൽ.