പത്തനംതിട്ട : മൈലപ്രാ സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപമുണ്ടായിരുന്ന കോടിപതികളും ലക്ഷാധിപതികളും തങ്ങളുടെ നിക്ഷേപം ഊരിയെടുത്തു. സാധാരണ നിക്ഷേപകര്‍ ഇപ്പോഴും ആയിരം രൂപക്കും രണ്ടായിരം രൂപക്കും ബാങ്കിനു മുമ്പില്‍ ക്യൂ നില്‍ക്കുകയാണ്. ഭൂമാഫിയക്കാരായ ചിലരുടെ കോടികള്‍ നിക്ഷേപിച്ചത് മൈലപ്രാ ബാങ്കിലാണ്. ഒന്നും കണക്കിലുള്ള പണവും ആയിരുന്നില്ല. തങ്ങളുടെ നിക്ഷേപം രഹസ്യവും സുരക്ഷിതവും ആയിരിക്കാനാണ് മൈലപ്രാ സഹകരണ ബാങ്ക് ഭൂമാഫിയ തെരഞ്ഞെടുത്തത്. ബാങ്കിലെ ചില ജീവനക്കാരുടെ വളരെ വേണ്ടപ്പെട്ടവരും ആയിരുന്നു ഇവരില്‍ ചിലര്‍.
മൈലപ്രാ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ ആയതോടെ ഏറ്റവും കൂടുതല്‍ വേവലാതി പൂണ്ടത് കള്ളപ്പണക്കാരായ ഇവരാണ്. ബിനാമികളുടെയും മരിച്ചുപോയവരുടെയും പേരുകളില്‍ തങ്ങള്‍ നിക്ഷേപിച്ച പണം നഷ്ടപ്പെടാതിരിക്കുവാന്‍ ഇവര്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ചില ജീവനക്കാരുടെ പിന്തുണയോടെയായിരുന്നു ഇത്. ബാങ്കിലെ മിക്ക ജീവനക്കാരും മൈലപ്രാ ബാങ്കിലെ ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി തങ്ങളുടെ പക്കല്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ വെച്ച് വായ്പാ കുടിശ്ശിക ഉള്ളവരുടെ പട്ടിക തയ്യാറാക്കി ഭൂമാഫിയാക്കാര്‍ക്ക് കൈമാറി. കുടിശ്ശിക കൂടി ജപ്തി നടപടിയിലേക്ക് നീങ്ങിയ വായ്പക്കാരെ നേരില്‍ കണ്ട് ഈടായി നല്‍കിയിരുന്ന വസ്തു വാങ്ങിക്കുവാന്‍ ഇവര്‍ ധാരണയിലെത്തി. കുറഞ്ഞ വിലക്കാണ് പല വസ്തുക്കളും ഇവര്‍ സ്വന്തമാക്കിയത്.
വായ്പക്കാര്‍ ബാങ്കില്‍ നല്‍കുവാനുള്ള മുഴുവന്‍ പണവും ബാങ്കില്‍ ഉണ്ടായിരുന്ന നിക്ഷേപത്തില്‍ നിന്നും ഭൂമാഫിയക്കാര്‍ നല്‍കിക്കൊണ്ട് വായ്പക്കാരന്റെ വസ്തു ഇവര്‍ എഴുതിയെടുക്കുകയായിരുന്നു ചെയ്തത്. വായ്പക്കാരന്‍ ബാങ്കില്‍ നേരിട്ട് പണം അടക്കുമ്പോള്‍ പല ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു. വണ്‍ടൈം സെറ്റില്‍മെന്റ് പ്രകാരം പകുതി തുകക്കുപോലും ഇടപാടുകള്‍ അവസാനിപ്പിക്കുവാന്‍ ഒരുപക്ഷെ ബാങ്ക് തയ്യാറാകുമായിരുന്നു. എന്നാല്‍ ഇവിടെ ബാങ്കിലെ ചില ജീവനക്കാരും ഭൂമാഫിയക്കാരായ ചില നിക്ഷേപകരും ഒത്തുകളിച്ച് വന്‍ ലാഭം കൊയ്യുകയായിരുന്നു.
വായ്പ കുടിശ്ശികയെ തുടര്‍ന്ന് വസ്തു ലേലം ചെയ്‌താല്‍ അതിന്റെ മുഴുവന്‍ തുകയും ബാങ്കില്‍ പണമായി ലഭിക്കുമായിരുന്നു. ഇങ്ങനെ ലഭിക്കുന്ന പണം ചെറുകിട നിക്ഷേപകര്‍ക്ക് നല്‍കുന്നതിനും സാധിക്കുമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ നടപടിയിലൂടെ ഭൂമാഫിയാക്ക് കൂടുതല്‍ കച്ചവടം ഉണ്ടാകുകയും പ്രതിസന്ധിയിലായ ബാങ്കില്‍ നിന്ന് തങ്ങളുടെ നിക്ഷേപം നിഷ്പ്രയാസം ഊരിയെടുക്കുകയുമായിരുന്നു ഇവര്‍ ചെയ്തത്. കുടിശ്ശികക്കാരുടെ എണ്ണം കുറയുന്നതോടെ ജപ്തിയും ലേലവും കുറയും. ഇതോടെ ബാങ്കില്‍ ലഭിക്കേണ്ട പണവും കുറയും. ഇതോടെ കണക്കുകൂട്ടലുകള്‍ പൂര്‍ണ്ണമായി തെറ്റും, ബാങ്ക് കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ഇത് സാധാരണക്കാരായ നിക്ഷേപകര്‍ക്ക് വലിയ തിരിച്ചടിയാകും.