ഒരു വാട്സ്ആപ്പ് അക്കൗണ്ട് അടുത്ത ആഴ്ച മുതൽ ഇനി ഒരേസമയം നാല് മൊബൈലുകളിൽ ഉപയോഗിക്കാം. നിലവിൽ ഒരേസമയം ഒരു ഫോണിൽ മാത്രമേ വാട്സ്ആപ്പ് അക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കൂ. മൊബൈലിനെ കൂടാതെ വാട്സ്ആപ്പ് വെബ് ഉപയോഗിച്ച് ഡെസ്‌ക് ടോപ്പിൽ പ്രവർത്തിപ്പിക്കാം. പക്ഷേ, ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ ശ്രമിച്ചാൽ ആദ്യ ഫോണിൽ നിന്ന് ലോഗ് ഔട്ട് ആകുമായിരുന്നു. ഈ പ്രശ്‌നത്തിനാണ് പരിഹാരമാകാൻ പോകുന്നത്. അടുത്ത ആഴ്ചയോടെ പുതിയ സേവനം ലഭ്യമാക്കുമെന്ന് മാതൃകമ്പനിയായ ഫേസ്ബുക്കിന്റെ സി.ഇ.ഒ മാർക്ക് സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
പ്രധാന ഫോണിലെ ക്യു.ആർ കോഡ് സ്‌കാൻ ചെയ്തോ (ലിങ്ക് എ ഡിവൈസ് ഓപ്ഷൻ) ഒ.ടി.പി വഴിയോ ആകും മറ്റ് ഫോണുകളിലും ലോഗിൻ ചെയ്യാനാവുക. ഒന്നിലധികം ജീവനക്കാരുള്ള ബിസിനസുകൾക്ക് ഈ സൗകര്യം കൂടുതൽ പ്രയോജനപ്പെടും. ബിസിനസ് കൂടുതൽ കാര്യക്ഷമമാകാൻ ഇത് സഹായിക്കും. സ്ഥാപനത്തിന്റെ വാട്സ്ആപ്പ് അക്കൗണ്ട് 4 ഫോണുകളിൽ ഒരേസമയം പ്രവർത്തിപ്പിക്കാമെന്നതിനാൽ കൂടുതൽ പേർക്ക് കാര്യങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും.