പാട്‌ന: ബീഹാര്‍ വിദ്യാഭ്യാസ മന്ത്രി മേവ്‌ലാല്‍ ചൗധരി രാജിവെച്ചു. സത്യപ്രതിജ്ഞ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് മേവ്‌ലാലിന്റെ രാജി. ജെഡിയു അംഗമായ ഇദ്ദേഹത്തിനെതിരെ നേരത്തെ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മേവ്‌ലാലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രാജി.
ഭഗല്‍പുര്‍ കാര്‍ഷിക സര്‍വകലാശാലയില്‍ വൈസ് ചാന്‍സലറായിരിക്കേ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നാണ് മേവ്‌ലാലിനെതിരായ ആരോപണം. സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി അസി. പ്രൊഫസറെയും ജൂനിയര്‍ സയന്റിസ്റ്റിനെയും നിയമിച്ചെന്നായിരുന്നു കണ്ടെത്തല്‍.
സംഭവത്തില്‍ വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് മേവ്‌ലാലിനെ നേരത്തെ ജെ.ഡി.യുവില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നെങ്കിലും പിന്നീട് തിരിച്ചെടുക്കുകയായിരുന്നു. മേവ്‌ലാല്‍ ചൗധരി താരാപുര്‍ മണ്ഡലത്തില്‍ നിന്നാണ് നിയമസഭയിലെത്തിയത്.