പാറ്റ്‌ന: ബീഹാറിന്റെ രണ്ടാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുതും. സീമാഞ്ചല്‍ അടക്കമുള്ള മേഖലയിലെ 17 ജില്ലകളിലെ 94 നിയമസഭാ മണ്ഡലങ്ങളാണ് ബൂത്തില്‍. രണ്ടാംഘട്ടത്തില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, നിതീഷ് മന്ത്രിസഭയിലെ ആറു മന്ത്രിമാര്‍ തുടങ്ങിയവര്‍ ജനവിധി തേടുന്നുണ്ട്. സംസ്ഥാനത്തെ അതീവ പിന്നാക്ക പ്രദേശങ്ങളാണ്‌വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേറെയും. ന്യൂനപക്ഷ- പിന്നാക്ക, ദളിത്, മഹാദളിത് വിഭാഗങ്ങളില്‍പ്പെട്ട വോട്ടര്‍മാര്‍ ഏറെയുള്ളതാണ് സീമാഞ്ചല്‍ പ്രദേശം.
2015ല്‍ ജെ ഡി യു-ആര്‍ ജെ ഡി സംയുക്ത മുന്നണിയായ മഹാസഖ്യത്തിനായിരുന്നു മുന്‍തൂക്കം. ആര്‍ ജെ ഡി 33 സീറ്റും ജെ ഡി യു 30 സീറ്റും നേടി. ബി ജെ പി 20 സീറ്റിലും കോണ്‍ഗ്രസ് 7 സീറ്റിലും എല്‍ ജെ പി രണ്ട് സീറ്റിലും സി പി ഐ എല്‍ ഒരു സീറ്റിലും വിജയിച്ചു.
ഇപ്രാവിശ്യം ആര്‍ ജെ ഡി 56 സീറ്റിലും ബി ജെ പി 46 സീറ്റിലും ജെ ഡി യു 43 സീറ്റിലുമാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസ് 24 സീറ്റിലും ഇടതുപാര്‍ട്ടികള്‍ 14, എല്‍ ജെ പി 52, ആര്‍ എല്‍ എസ് പി 36 എന്നിങ്ങനെയും മത്സരിക്കുന്നു. നിതീഷ് കുമാറിന്റെ മദ്യനിരോധന നയം, സ്ത്രീ ശാക്തീകരണം തുടങ്ങിയ പദ്ധതികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ മണ്ഡലങ്ങള്‍ കൂടിയാണ് വിധിയെഴുതുന്നത്.