പട്ന: ബിഹാറിലെ നളന്ദ ജില്ലയിൽ രാമനവമി ഘോഷയാത്രയ്ക്കിടെ സംഘ്പരിവാർ അക്രമികൾ തീയിട്ട മദ്രസയ്ക്ക് 30 കോടി നൽകി ബിഹാർ സർക്കാർ. ബീഹാർ ഷെരീഫിലെ മുരാർപൂർ പ്രദേശത്തെ അസീസിയ മദ്രസയുടെ പുനർനിർമാണത്തിനാണ് സർക്കാർ തുക അനുവദിച്ചത്. കഴിഞ്ഞ മാർച്ച് 31നായിരുന്നു ഹിന്ദുത്വവാദികളായ അക്രമികൾ മദ്രസയും ലൈബ്രറിയും അടിച്ച് തകർക്കുകയും തീയിടുകയും ചെയ്തത്. ജയ് ശ്രീറാം വിളികളുമായെത്തിയ സംഘം പ്രദേശത്തെ പള്ളികൾക്കും മദ്രസകൾക്കും വീടുകൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആയിരത്തോളം വരുന്ന അക്രമികളാണ് അസീസിയ മദ്രസ തകർക്കുകയും ലൈബ്രറിക്ക് തീയിടുകയും ചെയ്തതെന്ന് മസ്ജിദിന്‍റെ ഇമാമും കാര്യസ്ഥനുമായ മുഹമ്മദ് സിയാബുദ്ദീൻ പറഞ്ഞിരുന്നു.
4,500ലധികം പുസ്തകങ്ങളുടെ ശേഖരമുള്ള 110 വർഷം പഴക്കമുള്ള ലൈബ്രറി ആക്രമണത്തിൽ ചാരമായതായും അദ്ദേഹം പറഞ്ഞിരുന്നു. മസ്ജിദിന്റെ മിനാരം തകർത്ത ഹിന്ദുത്വ അക്രമികൾ മദ്രസയിൽ കയറി കല്ലെറിഞ്ഞെന്നും ഇമാം പറഞ്ഞു. മസ്ജിദിലുള്ള ഒരാളെ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് പള്ളിയിലേക്കും ലൈബ്രറിയിലേക്കും പെട്രോൾ ബോംബുകൾ എറിയുകയും പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിടുകയും ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 31ന് ശ്രാം കല്യാൺ മൈതാനത്തുനിന്ന് മണിറാം അഖാഡയിലേക്കുള്ള രാമനവമി ഘോഷയാത്രയ്ക്കിടെയാണ് അക്രമമുണ്ടായതെന്ന് ദൃക്‌സാക്ഷി പറഞ്ഞിരുന്നു. പ്രദേശത്തെ നിരവധി കടകൾ അക്രമികൾ കത്തിക്കുകയും കാവി പതാകകൾ സ്ഥാപിക്കുകയും ചെയ്തു.