പാറ്റ്ന : ബിഹാറിലെ ഛപ്രയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 70 ആയി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് രാജ്യത്തെ നടുക്കിയ സംഭവം ഉണ്ടായത്. ആദ്യം മരണം റിപ്പോര്‍ട്ട് ചെയ്ത സരണ്‍ ജില്ലയില്‍ മാത്രം 60 പേരാണ് ഇതുവരെ മരിച്ചത്. ഇത് അനൗദ്യോഗിക കണക്കാണ്. എന്നാല്‍ 31 പേര്‍ മാത്രമാണ് മരിച്ചതെന്നാണ് ഔദ്യോഗികമായി പുറത്ത് വന്നിരിക്കുന്ന കണക്ക്. വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്ന പലരുടെയും ആരോഗ്യനില വഷളായി തുടരുകയാണ്. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.
മരണസംഖ്യ ഉയരാന്‍ സാധ്യതയുള്ളതിനാല്‍, ഛപ്ര ഹൂച്ച് ദുരന്തത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ലോക് ജനശക്തി പാര്‍ട്ടി (ആര്‍) മേധാവിയും എംപിയുമായ ചിരാഗ് പാസ്വാന്‍ ആവശ്യപ്പെട്ടു. ഹൂച്ച് ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആളുകള്‍ വെറുതെ മരിച്ചതായി താന്‍ കരുതുന്നില്ലെന്ന് ചിരാഗ് പാസ്വാന്‍ പറഞ്ഞു. ഇത് കൊലപാതകക്കേസാണെന്നും ബിഹാര്‍ മുഖ്യമന്ത്രിയാണ് അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിയെന്നും പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.
2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യവില്‍പ്പനയും ഉപഭോഗവും നിരോധിച്ച് കൊണ്ട് മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമനിര്‍മ്മാണം നടത്തിയത്. അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും ബിഹാറില്‍ രാഷ്ട്രപതി ഭരണ വേണമെന്നും എല്‍ജെപി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം, വിമര്‍ശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി. അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.