ചവറ : വീടുകളിൽ കയറി സ്ത്രീകളെ കബളിപ്പിച്ച് സ്വർണാഭരണങ്ങളിൽ രാസലായനി മുക്കി സ്വർണം തട്ടിയെടുക്കുന്ന ഇതരസംസ്ഥാനക്കാരായ 2 പേർ പിടിയിൽ. ബിഹാർ അറാറിയ, നിയർമന്ദിർ, ധാമ സ്വദേശി ദിനേശ് സഹ (45), ബിഹാർ സുപോൾ, ജാദിയ സ്വദേശി സച്ചിൻ കുമാർ സഹ (36) എന്നിവരാണ് അറസ്റ്റിലായത്. വീടുകളിലെത്തുന്ന ഇവർ കരിപുരണ്ട ചെമ്പ് പാത്രങ്ങൾ, നിലവിളക്ക് എന്നിവ വെളുപ്പിച്ചു നൽകും. തുടർന്ന് സ്ത്രീകളെ പറഞ്ഞ് കബളിപ്പിച്ച് സ്വർണാഭരണങ്ങൾ വെളുപ്പിച്ചു തരാമെന്ന് പറഞ്ഞാണ് രാസലായനി മുക്കി സ്വർണം തട്ടിയെടുക്കുന്നത്. കഴിഞ്ഞ തിങ്കൾ ഉച്ചയ്ക്ക് 12.30ന് ചവറ ബ്രിജ് ശ്രീകൃഷ്ണ ഭവനിൽ ശോഭന (74)യുടെ വീട്ടിലെത്തിയ ഇവർ 18 ഗ്രാം മാല ഊരി വാങ്ങി രാസലായനിയിൽ മുക്കി ആഭരണത്തിലെ സ്വർണം അലിയിച്ചെടുക്കുകയും തിരികെ നൽകുകയുമായിരുന്നു.
മാല കറുത്തുപോയത് ചോദിച്ചപ്പോൾ മഞ്ഞൾ വെള്ളത്തിൽ മുക്കിയാൽ തിളക്കം ലഭിക്കുമെന്ന് പറഞ്ഞു. ഇതിനിടെ ശോഭനയുടെ മകൾ എത്തുകയും മാല കണ്ട് തട്ടിപ്പാണെന്ന് മനസ്സിലാക്കി ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും കടന്നുകളയുകയായിരുന്നു. തുടർന്ന് ജ്വല്ലറിയിൽ മാല എത്തിച്ചു നോക്കിയപ്പോൾ 6 ഗ്രാം കുറവുണ്ടെന്ന് കണ്ടെത്തി. അറസ്റ്റിലായ ബിഹാർ സ്വദേശികളായ ദിനേശ് സഹ, സച്ചിൻ കുമാർ സഹ. ഇന്നലെ രാവിലെ നീണ്ടകര പരിമണത്ത് തറമേൽ കിഴക്കേതിൽ സതിയമ്മയുടെ വീട്ടിലെത്തിയ സംഘം ഇവർ അണിഞ്ഞിരുന്ന സ്വർണമാലയിൽ അഴുക്കുണ്ടെന്ന് പറഞ്ഞ് നിർബന്ധിച്ച് ഊരി വാങ്ങി ലായനിയിൽ മുക്കി മഞ്ഞപ്പൊടിയിട്ട് പൊതിഞ്ഞ് തിരികെ നൽകുകയായിരുന്നു.
ഇപ്പോൾ നോക്കരുതെന്നു പറഞ്ഞ് സംഘം സ്ഥലം വിടാനൊരുങ്ങിയതോടെ വീട്ടുകാർക്ക് സംശയം തോന്നുകയും നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. തുടർന്ന് പോലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. സതിയമ്മയുടെ മാല പൊട്ടിച്ചിതറിയ നിലയിലായിരുന്നു. 10 ഗ്രാം സ്വർണമാല പരിശോധിച്ചപ്പോൾ 3 ഗ്രാം സ്വർണം നഷ്ടമായതായി കണ്ടെത്തി. രണ്ടു സംഭവങ്ങളിലും പോലീസ് കേസെടുത്തു. പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും. എസ്എച്ച്ഒ സുജോ ജോർജ് ആന്റണി, എസ്ഐ മാരായ ബി.ഓമനക്കുട്ടൻ, അഭിജിത്ത്, എഎസ്ഐ മാരായ സജീവ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
































