പറ്റ്ന: വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ആർജെഡി, കോൺഗ്രസ്, മറ്റ് ഇടതുപക്ഷ പാർട്ടികൾ, മഹാഗത്ബന്ധൻ സഖ്യകക്ഷികൾ എന്നിവയുൾപ്പെടെയുള്ള ഇൻഡ്യാ മുന്നണി അംഗങ്ങൾ നടത്തിയ പ്രതിഷേധത്തിൽ ബിഹാര്‍ സ്തംഭിച്ചു. ബിഹാറിലെ നിരവധി ജില്ലകളിലെ ഗതാഗതം സ്തംഭിപ്പിച്ചുകൊണ്ട്, കത്തുന്ന ടയറുകൾ ഉപയോഗിച്ച് റോഡുകൾ ബാരിക്കേഡുകൾ കൊണ്ട് അടച്ചു, റെയിൽവേ പാളങ്ങൾ ഉപരോധിക്കുകയും ട്രെയിനുകൾ തടയുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന റോഡ് ലിങ്കുകളിലൊന്നായ ഗാന്ധി സേതു ആർജെഡി പ്രതിഷേധക്കാര്‍ തടയുന്ന ഹാജിപൂരിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സോൻപൂരിൽ ആർജെഡി എംഎൽഎ മുകേഷ് റോഷന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കനത്ത പോലീസ് സന്നാഹവും ഉണ്ടായിരുന്നു. ജെഹനാബാദിൽ ആർജെഡിയുടെ യുവജന വിഭാഗത്തിലെ വിദ്യാർഥികൾ റെയിൽവേ ട്രാക്കുകൾ കയ്യേറി ട്രെയിൻ ഗതാഗതം തടസപ്പെടുത്തി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് എസ്‌ഐആർ പ്രക്രിയ നടപ്പിലാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ (ഇസിഐ) തീരുമാനത്തിനെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടാണ് സോൻപൂർ, ഹാജിപൂർ, ജെഹനാബാദ് എന്നിവയുൾപ്പെടെ നിരവധി ജില്ലകളിൽ പ്രാദേശിക നേതാക്കൾ പ്രകടനങ്ങൾക്ക് നേതൃത്വം നൽകുന്നത്. വോട്ടർ പട്ടികകളിൽ പ്രത്യേക മാറ്റങ്ങൾ വരുത്തി ഭരണകക്ഷിയായ എൻഡിഎയ്ക്ക് നേട്ടമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് പരിഷ്കരണം എന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു.