പത്തനംതിട്ട : സ്വദേശത്തും വിദേശത്തുമായി കഴിഞ്ഞ 20 വർഷക്കാലമായി സാമൂഹിക – ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവമായ ബിജു കുമ്പഴ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ ചേർന്നു. എൻസിപി ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചു.
ലോകമെമ്പാടും പടര്‍ന്നുകിടക്കുന്ന രക്തദാന സംഘടനയായ ബ്ലഡ് ഡോണേഴ്സ് കേരളയുടെ പത്തനംതിട്ട ജില്ല പ്രസിഡന്റും സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും ജിസിസി കോർഡിനേറ്ററുമാണ് ബിജു കുമ്പഴ. കൂടാതെ കേരള സർക്കാർ രൂപീകരിച്ച സന്നദ്ധ സേനയുടെ പത്തനംതിട്ട ജില്ല കോർഡിനേറ്റർ, സ്‌നേഹവീട് ചാരിറ്റി ഗ്രൂപ്പിന്റെ പത്തനംതിട്ട ജില്ല കൺവീനർ, മിഷൻ പത്തനംതിട്ട ജനറൽ സെക്രട്ടറി എന്നീ നിലകളിലും ബിജു പ്രവര്‍ത്തിച്ചു വരുന്നു. 2018ലെ പ്രളയകാലത്ത് കുവൈറ്റിൽ നിന്നുകൊണ്ട് കേരളത്തിന് ചെയ്‌ത സേവനങ്ങൾക്ക് അന്തർദേശീയ നിലയിൽ നിരവധി ആദരവുകള്‍ ലഭിച്ചിട്ടുണ്ട്. 2020 ലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മാനിച്ചു കൊണ്ട് നാഷണൽ ചൈൽഡ് & വുമൺ ഡെവലപ്മെന്റ് കൗൺസിലിന്റെ ‘കോവിഡ് വാരിയർ’ പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
ബിജു കുമ്പഴയുടെ പ്രവര്‍ത്തനം എൻസിപി ക്ക് ഒരു മുതല്‍ക്കൂട്ട് ആകുമെന്ന് ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ പറഞ്ഞു. അംഗത്വം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ ജനറൽ സെക്രട്ടറി ജേക്കബ് ഫിലിപ്പ്, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് സാലി, ആറൻമുള ബ്ലോക്ക് പ്രസിഡന്റ് അഡ്വ. രാജു ഉളനാട് എന്നിവർ സന്നിഹിതരായിരുന്നു.